ജയിലിനും ജയില്‍ ജീവനക്കാര്‍ക്കും പേരുദോഷമുണ്ടാക്കുന്ന ‘പലതും’ ഒഴിവാക്കാന്‍ സര്‍ക്കുലറുമായി ഋഷിരാജ് സിങ്

single-img
6 July 2019

സംസ്ഥാനത്തെ ജയിലുകളിലേക്ക് ഹെല്‍ത്ത് സ്‌ക്രീനിംഗ് റിപ്പോര്‍ട്ടുമായി പോലീസ് എത്തിക്കുന്ന പ്രതികളുടെ ശാരീരിക മാനസികാരോഗ്യ നിലയെ സംബന്ധിച്ച് സംശയം തോന്നിയാല്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് അവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കാമെന്നും അതിനായി തൊട്ടടുത്തെ ആശുപത്രില്‍ കൊണ്ടുപോകണമെന്നും ജയില്‍ ഡിജിപി ഋഷിരാജ് സിങിന്റെ സര്‍ക്കുലര്‍.

പോലീസുകാർ റിമാന്‍ഡ് പ്രതികളെ ജയിലിലേക്ക് കൊണ്ടു വരുമ്പോള്‍ തരുന്ന ഹെല്‍ത്ത് സ്‌ക്രീനിങ് റിപ്പോര്‍ട്ടില്‍ മനപൂര്‍വ്വമോ അല്ലാതെയോ അപാകതകള്‍ക്ക് സാധ്യതയുണ്ട്. പ്രതിക്ക് എഴുന്നേറ്റ് നില്‍ക്കാനും നടക്കാനും സ്വയം തിരിച്ചറിയാനും സംസാരിക്കാനും കഴിയുന്നുണ്ടോ, സംസാരത്തിലോ പ്രവൃത്തിയിലോ അസ്വാഭാവികമായി എന്തെങ്കിലുമുണ്ടോ എന്നീ കാര്യങ്ങള്‍ ജയിലില്‍ അഡ്മിഷന്‍ ഡ്യൂട്ടിയിലുള്ളവര്‍ ശ്രദ്ധിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു. ഡ്യൂട്ടിയിലുള്ള ഹെഡ് വാര്‍ഡന്‍മാരും ജയില്‍ സൂപ്രണ്ടുമാരുമാണ് ഇക്കാര്യം പരിശോധിക്കേണ്ടതെന്നും ഇക്കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തിയാല്‍ ജയിലിനും ജീവനക്കാര്‍ക്കും പേരുദോഷമുണ്ടാക്കുന്ന ‘പലതും’ ഒഴിവാക്കാന്‍ കഴിയുമെന്നും സര്‍ക്കുലര്‍ പറയുന്നു.

അതേപോലെ, ജയിലിലേക്ക് പ്രതികളെ പ്രവേശിപ്പിക്കുമ്പോള്‍ നടത്തുന്ന ‘നടയടി ‘ പോലുള്ള പ്രാകൃത നടപടികളൊന്നും പാടില്ലെന്നും സര്‍ക്കുലര്‍ പറയുന്നു. സംസ്ഥാനത്തെ ജയിലുകളിലെ സിസി ടിവി കാമറകളെല്ലാം പ്രവര്‍ത്തനക്ഷമമാണ്. ഈ കാമറ ദൃശ്യങ്ങളിലോ മിന്നല്‍ സന്ദര്‍ശനങ്ങളിലോ ഏതെങ്കിലും വിധത്തിലുള്ള നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കുറ്റക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി കൈക്കൊള്ളുമെന്ന് ഋഷിരാജ് സിംഗ്പറയുന്നു.