ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന വാദം പൊളിയുന്നു; പുതിയ ചിത്രം പുറത്ത്

single-img
6 July 2019


ഇന്ത്യ ദീര്‍ഘകാലമായി തിരയുന്ന അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യന്‍ വാദം ശക്തിപ്പെടുത്തി കൂടുതല്‍ തെളിവുകള്‍. സീ ന്യൂസാണ് ഇതുമായി ബന്ധപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ദാവൂദ് പാക്കിസ്ഥാനില്‍ ഇല്ലെന്ന് വ്യാഴാഴ്ച പാക്ക് വിദേശകാര്യമന്ത്രാലയം അറിയിച്ചിരുന്നു.

കഴിഞ്ഞ 25 വര്‍ഷമായി ഒളിവില്‍ കഴിയുന്ന ദാവൂദ് ഏറ്റവും അടുത്ത അനുയായി ജാബിര്‍ മോട്ടിവാലയുമായി സംസാരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിരിക്കുന്നത്. ജാബിറിന്റെ നാടുകടത്തല്‍ ഹര്‍ജിയുമായി ബന്ധപ്പെട്ട വാദത്തിനിടെയാണ് ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന വിവരം അറ്റോര്‍ണി ജനറല്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ ബോധിപ്പിച്ചത്.

ഡി കമ്പനിയുടെ രാജ്യാന്തര പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത് ജാബിറാണ്. ക്ലീന്‍ ഷേവ് ചെയ്ത ദാവൂദിന്റെ ചിത്രമാണ് ഇപ്പോള്‍ ലഭിച്ചത്. ദാവൂദ് രോഗബാധിതനാണെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ തികച്ചും ആരോഗ്യവാനായാണ് ദാവൂദ് കാണപ്പെടുന്നത്. കാല്‍മുട്ടിനു കഠിനമായ പ്രശ്നങ്ങള്‍ ദാവൂദ് നേരിടുന്നുണ്ടെന്നായിരുന്നു റിപ്പോര്‍ട്ട്.

2018 ആഗസ്റ്റ് 17ന് എഫ്.ബി.ഐയുടെ അഭ്യര്‍ഥന പ്രകാരം കള്ളപ്പണം വെളുപ്പിക്കല്‍, കള്ളക്കടത്ത്, മയക്കുമരുന്ന് വില്‍പ്പന തുടങ്ങിയ കുറ്റങ്ങള്‍ക്ക് സ്‌കോട്ട്ലാന്‍ഡ് യാര്‍ഡ് ജാബിറിനെ അറസ്റ്റ് ചെയ്തിരുന്നു. എഫ്.ബി.ഐ നല്‍കുന്ന സൂചനകള്‍ പ്രകാരം ദാവൂദ് പാകിസ്ഥാനിലുണ്ടെന്ന് ജബിര്‍ വെളിപ്പെടുത്തിക്കഴിഞ്ഞു.

ഈ സാഹചര്യത്തില്‍ അന്വേഷണത്തിന്‍ എഫ്.ബി.ഐയുമായി സഹകരിക്കാനാണ് ഇന്ത്യന്‍ ഏജന്‍സികളുടെ തീരുമാനം. പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐ.എസ്.ഐയും ഡി കമ്പനിയും തമ്മില്‍ ബന്ധമുണ്ടെന്നും ജാബിര്‍ മോടിവാലയാണ് അതിന്റെ കണ്ണിയെന്നുമാണ് ഇന്ത്യന്‍ ഏജന്‍സികള്‍ വിശ്വസിക്കുന്നത്.

മോടിവാലയുടെ അറസ്റ്റിനെതിരെ ബ്രിട്ടണിലെ പാകിസ്താന്‍ ഹൈക്കമ്മീഷന്‍ രംഗത്ത് വന്നതായും സീ ന്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോടിവാലയ്ക്ക് ഡി കമ്പനിയുമായി ബന്ധമില്ലെന്നും അദ്ദേഹം ഒരു പ്രമുഖ വ്യവസായിയാണെന്നും കാണിച്ച് പാകിസ്താന്‍ ബ്രിട്ടനിലെ കോടതിക്ക് കത്ത് നല്‍കിയിരുന്നു. ജാബിര്‍ മോടിവാലയുടെ അറസ്റ്റ് ദാവൂദിന്റെ പാക് ബന്ധങ്ങള്‍ വെളിപ്പെടുത്തുമെന്ന ഭയമാണ് പാകിസ്താന്റെ ഈ നീക്കത്തിന് പിന്നിലെന്നാണ് വിലയിരുത്തപ്പെടുന്നത്.