’22 കോടി അടിച്ച’ ഞെട്ടല്‍ മാറാതെ പ്രവാസി മലയാളി സ്വപ്നാ നായര്‍; ‘തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്’

single-img
5 July 2019

കോടികളുടെ വിസ്മയം സമ്മാനിച്ച ഞെട്ടലിലാണു സ്വപ്നാ നായര്‍. കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 22.47 കോടി രൂപ സമ്മാനം ലഭിച്ചത് കൊല്ലം സ്വദേശിയും അബുദാബി സ്വകാര്യ കമ്പനിയിലെ സീനിയര്‍ സ്ട്രക്ചറല്‍ എന്‍ജിനീയറുമായ സ്വപ്ന നായര്‍ക്കായിരുന്നു.

ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 1.2 കോടി ദിര്‍ഹം അടിച്ചുവെന്ന് സ്വപ്ന വിളിച്ചു പറഞ്ഞപ്പോഴും വിശ്വസിക്കാനായില്ല ഭര്‍ത്താവ് പ്രേമിന്. ടിക്കറ്റെടുത്ത വിവരം പ്രേം അറിയുന്നതും അപ്പോഴായിരുന്നു. അഞ്ചു വയസ്സുകാരി മകള്‍ നക്ഷത്രയുടെ ഭാഗ്യം എന്നാണ് ഇവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. തുകയില്‍ ഒരു ഭാഗം ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കുമെന്നും സ്വപ്ന പറഞ്ഞു.

നിരവധി പേരാണ് സ്വപ്ന നായര്‍ക്ക് ആശംസകളുമായെത്തുന്നത്. എന്നാല്‍ വിളിക്കുന്നവരുടെ ഫോണ്‍ എടുക്കാനായില്ലെന്നാണ് സ്വപ്ന പറയുന്നത്. ഓഫീസില്‍ വളരെ അത്യാവശ്യമുള്ള ഒരു ജോലിയില്‍ മുഴുകിയിരിക്കുകയായിരുന്നു. അതിനാല്‍ ഫോണെടുക്കാനായില്ലെന്നുമാണ് സ്വപ്ന പറയുന്നത്.

അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഞ്ചിനിയറിംഗ് കണ്‍സല്‍ട്ടന്‍സിയില്‍ ജീവനക്കാരിയാണ് സ്വപ്ന. എട്ട് വര്‍ഷമായി ഈ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. തനിക്ക് വലിയ ഉത്തരവാദിത്തമാണ് കമ്പനിയോടുള്ളത്. അതുകൊണ്ടുതന്നെ സമ്മാനം ലഭിച്ചതില്‍ അഭിനന്ദിക്കാന്‍ വിളിച്ച സന്ദേശങ്ങളൊന്നും സ്വീകരിക്കാന്‍ സമയമുണ്ടായില്ലെന്നും സ്വപ്ന ചിരിച്ചുകൊണ്ട് പറഞ്ഞു.

കൊല്ലം സ്വദേശിയാണ് സ്വപ്ന. തിരുവനന്തപുരം സ്വദേശിയായ ഭര്‍ത്താവിനൊപ്പം 2010 മുതല്‍ സ്വപ്ന യുഎഇയില്‍ താമസിക്കുകയാണ്. നറുക്കെടുപ്പ് വേദിയില്‍ വെച്ചുതന്നെ അധികൃതര്‍ ഫോണിലൂടെ സ്വപ്നയെ സമ്മാനവിവരം അറിയിച്ചു. തന്റെ ജീവിതത്തില്‍ ആദ്യമായിട്ടാണ് ഒരു നറുക്കെടുപ്പില്‍ സമ്മാനം ലഭിക്കുന്നതെന്ന് പറഞ്ഞ സ്വപ്ന, ബിഗ് ടിക്കറ്റ് അധികൃതര്‍ക്ക് നന്ദിയും അറിയിച്ചിരുന്നു.