കോഴിക്കോട് ഓട്ടോയില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് പിടികൂടി. മൂന്ന് പേർ എക്സൈസ് പിടിയിൽ

single-img
5 July 2019

കോഴിക്കോട് ജില്ലയിലെ കോഴിക്കോട് പന്തീരാങ്കാവില്‍ ഓട്ടോയില്‍ കടത്തുകയായിരുന്ന എട്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. മൂന്ന് പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ജില്ലയിലേക്ക് വിതരണത്തിനായി മലപ്പുറത്ത് നിന്ന് കഞ്ചാവ് എത്തിക്കുന്നതിനിടെയാണ് സംഘം പിടിയിലായത്.കഞ്ചാവ് ഭദ്രമായി പൊതിഞ്ഞ് ട്രോളി ബാഗില്‍ വച്ചാണ് ഓട്ടോറിക്ഷയില്‍ കടത്തിയത്.

ഓട്ടോ ഓടിച്ചിരുന്ന മലപ്പുറം കണ്ണമംഗലം സ്വദേശി മുഹമ്മദ് നൗഫല്‍, കൂടെ സഞ്ചരിക്കുകയായിരുന്ന എ എര്‍ നഗര്‍ സ്വദേശി നൗഷാദ്, വേങ്ങര സ്വദേശി മുബാറക് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസ് സംഘത്തിന് രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പന്തീരാങ്കാവില്‍ വച്ചാണ് സംഘം പിടിയിലായത്.

ഓട്ടോയില്‍ നിന്നും എട്ട് കിലോ കഞ്ചാവ് കണ്ടെടുത്തു. അഞ്ച് പാക്കറ്റുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. തമിഴ്നാട്ടില്‍ നിന്നാണ് സംഘം കഞ്ചാവ് കൊണ്ട് വരുന്നതെന്നാണ് നിഗമനം. തമിഴ്നാട്ടില്‍ നിന്ന് വന്‍ തോതില്‍ കഞ്ചാവ് മലപ്പുറത്തെത്തിച്ച് അവിടെ നിന്ന് വിതരണം ചെയ്യുന്നതാണ് സംഘത്തിന്‍റെ രീതി. കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച ഓട്ടോറിക്ഷയും പിടിച്ചെടുത്തിട്ടുണ്ട്.