രാജീവ് ഗാന്ധി വധകേസ്; ജീവപര്യന്തം അനുഭവിക്കുന്ന നളിനിയ്ക്ക് ഒരുമാസത്തെ പരോള്‍

single-img
5 July 2019

പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ച് ചെന്നൈ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന് മദ്രാസ് ഹൈക്കോടതി പരോള്‍ അനുവദിച്ചു. തന്റെ മകളുടെ വിവാഹവുമായി ബന്ധപ്പെട്ട് 30 ദിവസത്തെ പരോള്‍ ആണ് നളിനിക്ക് അനുവദിച്ചിരിക്കുന്നത്.

ബ്രിട്ടനിൽ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ മകളുടെ വിവാഹ ഒരുക്കങ്ങള്‍ക്കായി ആറ് മാസത്തേയ്ക്ക് തന്നെ ജയിലില്‍ നിന്ന് വിടണമെന്നാണ് നളിനി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. തനിക്ക് മകളുടെ വിവാഹത്തിനായി പണം കണ്ടെത്തേണ്ടതുണ്ടെന്നും അതിനായി സമയം വേണമെന്നും നളിനി കോടതിയില്‍ വാദിച്ചു.

നിയമപ്രകാരം 30 ദിവസത്തിലധികം തുടര്‍ച്ചയായി പരോള്‍ അനുവദിക്കാനാവില്ല എന്ന് കോടതി നളിനിയെ അറിയിച്ചു.പരോളിലെ 30 ദിവസം പൊലീസ് സുരക്ഷയ്ക്ക് നളിനി പണം നല്‍കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. ഇതിനു മുൻപ് പിതാവിന്റെ മരണാനന്തര ചടങ്ങുകള്‍ക്കായി പരോള്‍ ലഭിച്ചപ്പോള്‍ പൊലീസ് സുരക്ഷയ്ക്കായി 16,000 രൂപ ചിലവാക്കേണ്ടി വന്ന കാര്യം നളിനി കോടതിയെ അറിയിച്ചിരുന്നു. അതിനെ തുടര്‍ന്നാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

കോടതിയിൽ അഭിഭാഷകരില്ലാതെ സ്വയം വാദങ്ങള്‍ ബോധിപ്പിക്കുകയാണ് നളിനി ചെയ്തത്. അവർ തമിഴിലും അല്‍പ്പം ഇംഗ്ലീഷിലുമായി. പലപ്പോഴും വികാരഭരിതയായി കരഞ്ഞു. കേസിൽ താന്‍ കേസില്‍ തെറ്റായി പ്രതി ചേര്‍ക്കപ്പെടുകയായിരുന്നു എന്ന് പറഞ്ഞ നളിനി കേസില്‍ പ്രതികളുടെ വധശിക്ഷ റദ്ദാക്കിയതിന് വീണ്ടും നന്ദി പറഞ്ഞു.