നെടുങ്കണ്ടം കസ്റ്റഡി മരണം: ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു

single-img
5 July 2019

നെടുങ്കണ്ടം ഉരുട്ടിക്കൊലക്കേസില്‍ സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിസഭാ യോഗത്തിലാണ് സര്‍ക്കാര്‍ നിര്‍ണായക തീരുമാനം എടുത്തത്. റിട്ട. ജഡ്ജി ജസ്റ്റിസ് നാരായണക്കുറുപ്പിനാകും അന്വേഷണച്ചുമതല. രാജ്കുമാറിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായിരുന്നു.

കസ്റ്റഡി മരണത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച പോലീസ് സേനയുടെ വീഴ്ചകളെ ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ഏറ്റുമുട്ടിയിരുന്നു. പ്രതിപക്ഷ നേതാവ് ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയാറാണോ എന്ന ചോദ്യവും ഉന്നയിച്ചിരുന്നു.

കൂടാതെ നിലവിലെ അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും സിബിഐ അന്വേഷണം വേണമെന്നും കൊല്ലപ്പെട്ട രാജ്കുമാറിന്റെ അമ്മ കസ്തൂരി ആവശ്യപ്പെട്ടിരുന്നു. ഈയൊരു സാഹചര്യത്തിലാണ് നെടുങ്കണ്ടം കസ്റ്റഡി മരണത്തില്‍ സര്‍ക്കാര്‍ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ ആദ്യഘട്ട അന്വേഷണത്തിനു ശേഷം ക്രൈംബ്രാഞ്ച് എസ്.പി. സാബു ഡിജിപിക്കു റിപ്പോര്‍ട്ട് നല്‍കി.

ജൂണ്‍ 21 നാണ് പൊലീസ് കസ്റ്റഡിയിലെടുത്ത കുമാര്‍ റിമാന്‍ഡിലിരിക്കെ മരിച്ചത്. കസ്റ്റഡിയിലിരിക്കെ ക്രൂരമായ മര്‍ദനത്തിനാണ് കുമാര്‍ ഇരയായതെന്ന് ക്രൈംബ്രാഞ്ചിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ചു നടത്തിയ കഠിനമര്‍ദനമാണ് മരണത്തിലേക്കു നയിച്ചത്.

സംഭവത്തില്‍ നാലു പൊലീസുകാരാണ് ഇതുവരെ അറസ്റ്റിലായിരിക്കുന്നത്. കുമാറിനെ അറസ്റ്റു രേഖപ്പെടുത്താതെ നാലു ദിവസം കസ്റ്റഡിയില്‍ വച്ചത് ഇടുക്കി ജില്ലാ പൊലീസ് മേധാവി (എസ്പി) ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ അറിഞ്ഞുകൊണ്ടാണെന്ന് അറസ്റ്റിലായ എസ്‌ഐ കെ.എം.സാബു ക്രൈംബ്രാഞ്ചിനു മൊഴി നല്‍കിയിട്ടുണ്ട്. കുമാറിന്റെ ഫോട്ടോ എസ്പി ഉള്‍പ്പെടെയുള്ളവര്‍ക്ക് വാട്‌സാപ്പില്‍ കൊടുത്തിരുന്നുവെന്നും എസ്‌ഐയുടെ മൊഴിയില്‍ പറയുന്നു.