മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചേ തീരൂ; ഇനി ഒരു കോടതിയും മരട് വിഷയത്തിലെ ഹര്‍ജികള്‍ പരിഗണിക്കരുത്; കോടതി മുറിയില്‍ അഭിഭാഷകനോട് പൊട്ടിത്തെറിച്ച് ജസ്റ്റിസ് അരുണ്‍ മിശ്ര

single-img
5 July 2019

എറണാകുളം മരട് മുനിസിപ്പാലിറ്റിയില ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിക്കണമെന്ന വിധിയില്‍ ഉറച്ച് സുപ്രീംകോടതി. വിധിക്കെതിരേ ഫ്‌ളാറ്റ് ഉടമകള്‍ നല്‍കിയ ഹര്‍ജി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളി. ഇതോടെ നൂറിലധികം കുടുംബങ്ങള്‍ക്ക് ഫ്‌ളാറ്റുകള്‍ നഷ്ടപ്പെടുമെന്ന് ഉറപ്പായി.

ഫ്‌ളാറ്റ് ഉടമകള്‍ക്ക് വേണ്ടി ഹാജരായ അഭിഭാഷകര്‍ക്കെതിരേയും കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു. കോടതിയെ കബളിപ്പിക്കാന്‍ ആസൂത്രിത ശ്രമം നടന്നുവെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര വിമര്‍ശനമുന്നയിച്ചു. തന്റെ ഉത്തരവ് മറികടക്കാന്‍ ഫ്‌ളാറ്റ് ഉടമകള്‍ മറ്റൊരു ബെഞ്ചില്‍ നിന്ന് അനുകൂല ഉത്തരവ് സമ്പാദിച്ചു.

പരിഗണിക്കാന്‍ ഒന്നിലധികം തവണ വിസമ്മതിച്ച വിഷയം മറ്റൊരു ബെഞ്ചിന് മുന്‍പാകെ ഉന്നയിച്ചു. സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് ഉത്തരവ് പുറപ്പെടുവിക്കാന്‍ പാടില്ലായിരുന്നു. ആരൊക്കെയാണ് ഇതിന് പിന്നിലെന്ന് അറിയാമെന്നും കോടതി പറഞ്ഞു. അഭിഭാഷകര്‍ക്ക് പണം മാത്രം മതി എന്നായോ എന്നും കോടതി ചോദിച്ചു. ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര താക്കീത് നല്‍കി.

തീരദേശ നിയമം ലംഘിച്ച് നിര്‍മിച്ചതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരട് നഗരസഭയിലെ അഞ്ച് ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ സുപ്രിം കോടതി ഉത്തരവിട്ടത്. ഹോളിഡേ ഹെറിറ്റേജ്, ഹോളി ഫെയ്ത്ത്, ജയിന്‍ ഹൗസിങ്, കായലോരം അപാര്‍ട്ട്‌മെന്റ്, ആല്‍ഫ വെഞ്ച്വേഴ്‌സ് എന്നീ ഫ്‌ളാറ്റുകളാണ് സുപ്രീം കോടതി ഉത്തരിവിനെ തുടര്‍ന്ന് പൊളിക്കേണ്ടത്.

അഞ്ച് കെട്ടിടങ്ങളിലായി അഞ്ഞൂറിലധികം ഫ്‌ളാറ്റുകളാണുള്ളത്. ഫ്‌ളാറ്റുകള്‍ പൊളിച്ച് നീക്കാന്‍ ഒരു മാസത്തെ സമയമാണ് കോടതി അനുവദിച്ചിരുന്നത്. ഉടമകള്‍ തന്നെ പൊളിച്ചു നീക്കണമെന്നാണ് നിര്‍ദേശം. ഈ ഉത്തരവിന്മേല്‍ ഫ്‌ലാറ്റ് ഉടമകള്‍ ആറാഴ്ചത്തെ സ്റ്റേ നേടിയിട്ടുണ്ട്.