കേന്ദ്ര ബജറ്റ് നിരാശാജനകം; പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കത്തയയ്ക്കും: മന്ത്രി തോമസ് ഐസക്

single-img
5 July 2019

കേന്ദ്ര ബജറ്റിലെ കേരളത്തിന്റെ പരിഗണിക്കപ്പെടാത്ത ആവശ്യങ്ങൾ വിശദമായി ചൂണ്ടിക്കാട്ടി കേന്ദ്ര ധനമന്ത്രിക്ക് കത്തയക്കുമെന്ന് ധനമന്ത്രി ഡോ ടിഎം തോമസ് ഐസക് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബജറ്റിൽ പരിഗണിക്കാത്തതോ പ്രഖ്യാപിക്കാത്തതോ ആയ ആവശ്യങ്ങൾ ബജറ്റിനുപുറത്ത് പ്രഖ്യാപിക്കുമെന്ന പ്രതീക്ഷ നിലനിർത്തിയാണ് കത്തയക്കുന്നത്.

കേരളത്തിന്റെ പല ആവശ്യങ്ങളും പരിഗണിക്കപ്പെട്ടിട്ടില്ല. ബജറ്റ് സംസ്ഥാനത്തിന് നിരാശാജനകമാണ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കടമെടുക്കാനുള്ള പരിധി കൂട്ടണമെന്ന് ആവശ്യത്തിന് മറുപടിയില്ല. വായ്പാപരിധി ഉയർത്താത്തത് സാമ്പത്തികസ്ഥിതിയെ കൂടുതൽ വിഷമകരമാക്കും. പെട്രോൾ, ഡീസൽ വില വർധനവ് ജനങ്ങൾക്ക് ഭാരമാകും. ഇന്ധന നികുതി വർധന സ്‌പെഷ്യൽ എക്‌സൈസ് ഡ്യൂട്ടിയിൽ ഉൾപ്പെടുത്തി കൂട്ടുന്നതിനാൽ സംസ്ഥാന സർക്കാരുകൾക്ക് വിഹിതം ലഭിക്കില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

സാമൂഹികക്ഷേമ മേഖലകളിൽ കഴിഞ്ഞതവണത്തേക്കാൾ വിഹിതം കൂട്ടിയിട്ടില്ലെന്നും സമ്പദ്ഘടനയെ മുരടിപ്പിൽനിന്ന് മോചിപ്പിക്കാൻ പര്യാപ്തമല്ല ഈ ബജറ്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.