സച്ചിന്റെ 27 വര്‍ഷത്തെ റെക്കോഡ് തകര്‍ത്ത് അഫ്ഗാന്റെ പതിനെട്ടുകാരന്‍

single-img
5 July 2019

സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മറ്റൊരു ലോകകപ്പ് റെക്കോഡ് കൂടി ഓര്‍മയായി. ഇന്നലെ അഫ്ഗാനിസ്ഥാന്‍ താരം ഇക്രം അലി ഖില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ 86 റണ്‍സ് നേടിയപ്പോഴാണ് പുതിയ റെക്കോഡ് പിറന്നത്. 18 വയസ് മാത്രമാണ് ഖില്ലിന്റെ പ്രായം. 18ാം വയസില്‍ ലോകകപ്പിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറിന് ഉടമയാവുകയായിരുന്നു ഖില്‍.

1992 ലോകകപ്പിലായിരുന്നു സച്ചിന്റെ റെക്കോഡ്. അന്ന് പതിനെട്ടാം വയസ്സില്‍ സച്ചിന്‍ നേടിയത് 84 റണ്‍സാണ്. ഇതോടെ 27 വര്‍ഷം പഴക്കമുള്ള റെക്കോഡ് പഴങ്കഥയാകുകയായിരുന്നു. 93 പന്തില്‍ എട്ടു ഫോറിന്റെ അകമ്പടിയോടെയായിരുന്നു ഇക്രത്തിന്റെ 86 റണ്‍സ്. ഗെയ്‌ലിന്റെ പന്തില്‍ യുവതാരം വിക്കറ്റിന് മുന്നില്‍ കുരുങ്ങുകയായിരുന്നു. മത്സരത്തില്‍ അഫ്ഗാനിസ്താന്‍ 23 റണ്‍സിന് തോറ്റു.

‘സച്ചിനെപ്പോലൊരു ക്രിക്കറ്റ് താരത്തിന്റെ റെക്കോഡ് തകര്‍ക്കാനായതില്‍ അഭിമാനമുണ്ട്. ഒരുപാട് സന്തോഷം തോന്നുന്നു.’ മത്സരശേഷം ഇക്രം പ്രതികരിച്ചു. ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാരയാണ് അഫ്ഗാന്‍ താരത്തിന്റെ റോള്‍ മോഡല്‍.