ബൈക്ക് യാത്രികർക്ക് നേർക്ക് കുതിച്ചെത്തിയ കടുവ വയനാട്ടിൽ തന്നെ: യാത്രക്കാര്‍ക്ക് ജാഗ്രതാ നിർദ്ദേശം

single-img
4 July 2019

കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യല്‍ മീഡിയയിലൂടെ ആളുകൾ പങ്കുവെച്ച മൊബൈല്‍ വീഡിയോയിലെ കടുവ വയനാട്ടില്‍ തന്നെയുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയകളിൽ വൈറലായ ഒരു വീഡിയോയെ ചുറ്റിയുള്ള അന്വേഷണത്തിനൊടുവിലാണ് സംഭവം വയനാട്ടില്‍ തന്നെയാണ് നടന്നത് എന്ന് സ്ഥിരീകരിക്കുന്നത്.

ബൈക്കിൽ യാത്ര ചെയ്തിരുന്ന രണ്ട് യാത്രികരെ വനത്തില്‍ നിന്നും കുതിച്ചെത്തിയ കടുവ പിന്തുടരുന്നതും ബൈക്ക് അതിവേഗമോടിച്ച് യാത്രക്കാര്‍ രക്ഷപ്പെടുന്നതുമാണ് വൈറലായ മൊബൈല്‍ വീഡിയോയില്‍ ഉണ്ടായിരുന്നത്. ഇത് വയനാട്ടിലെ പുല്‍പ്പള്ളി-ബത്തേരി പാതയില്‍ വട്ടപ്പാടി എന്ന പ്രദേശത്താണ് നടന്നത് എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

കടുവ ഈ പരിസരത്ത് തന്നെഇപ്പോഴും ഉണ്ടായേക്കാം എന്ന നിഗമനത്തില്‍ ഇതുവഴി യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദേശിച്ചു. അമിതമായ വേഗതയില്‍ ഇതുവഴി പോകരുത്.

അതുപോലെ വഴിയില്‍ എവിടെയും വാഹനം പാര്‍ക്ക് ചെയ്യരുത്. കടുവയെ കണ്ടെത്താനായി പ്രദേശത്ത് പ്രത്യേക നിരീക്ഷണക്യാമറ സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.