ആദ്യം ബാറ്റ് ചെയ്ത് 500-550 റണ്‍സടിക്കുകയും 316 റണ്‍സിന് വിജയിക്കുകയും വേണം; ഞങ്ങൾ ശ്രമിക്കുമെന്ന് പാക് ക്യാപ്റ്റന്‍

single-img
4 July 2019

ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരം ജയിച്ചാലും പാകിസ്താന് സെമി സാധ്യത വിരളമാണ്. മത്സരത്തിൽ ബംഗ്ലാദേശിനെ 300 റണ്‍സിലധികം വ്യത്യാസത്തില്‍ തോല്‍പ്പിച്ചാല്‍ മാത്രമെ പാകിസ്താന് നെറ്റ് റണ്‍റേറ്റില്‍ ന്യൂസിലന്‍ഡിനെ പിന്തള്ളി സെമിയിലെത്താനാവു. അഥവാ ആദ്യം ബാറ്റ് ചെയ്താല്‍ വലിയ സ്കോര്‍ നേടി എതിരാളികളെ കുറഞ്ഞ സ്കോറില്‍ പുറത്താക്കുക എന്നതാണ് ടീമിന് മുന്നിലുള്ള വഴി.

തുടക്കത്തിൽ ബാറ്റ് ചെയ്ത് 500-550 റണ്‍സ് അടിക്കുകയും എതിരാളികളെ 50 റണ്‍സിന് ഓള്‍ ഔട്ടാക്കുകയും ചെയ്യുക എന്നത് എളുപ്പമല്ലെന്ന് അറിയാം പക്ഷെ അതിനായി ശ്രമിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് പാക് നായകന്‍ സര്‍ഫ്രാസ് അഹമ്മദ്. ബംഗ്ലാദേശിനെതിരെ കളിക്കാൻ ഇറങ്ങുമ്പോള്‍ നെറ്റ് റണ്‍ റേറ്റിനെക്കുറിച്ച് ചിന്തിക്കുന്നില്ല. ഞങ്ങൾ എല്ലാ മത്സരങ്ങളും ജയിക്കാനായിരുന്നു പരമാവധി ശ്രമിച്ചത്.

നാളെയും ബംഗ്ലാദേശിനെതിരെയും ജയിക്കാനായി തന്നെയാണ് ഇറങ്ങുന്നത്. ഞങ്ങളുടെ മുന്നിലുള്ള ലക്ഷ്യം വളരെ വ്യക്തമാണ്. അതില്‍ രഹസ്യങ്ങളൊന്നുമില്ല. ആദ്യം ബാറ്റ് ചെയ്ത് 500-550 റണ്‍സടിക്കുകയും 316 റണ്‍സിന് വിജയിക്കുകയും ചെയ്യണം. ടൂര്‍ണമെന്റിലെ ഇതുവരെയുള്ള എല്ലാ മത്സരങ്ങളും നോക്കിയാല്‍ 280-300 റണ്‍സാണ് ശരാശരി സ്കോര്‍. ഓസ്ട്രേലിയക്കെതിരെ സംഭവിച്ച തോല്‍വിയാണ് ഞങ്ങള്‍ക്ക് വിനയായത്.
പാകിസ്താൻ ഇതുവരെ കളിച്ച മത്സരങ്ങളിലെ പിച്ചുകളെല്ലാം ബാറ്റിംഗിന് ദുഷ്കരമായിരുന്നുവെന്നും പന്ത് ശരിയായ രീതിയില്‍ ബാറ്റിലേക്ക് എത്തിയിരുന്നില്ലെന്നും സര്‍ഫ്രാസ് പറഞ്ഞു.