ബംഗ്ലാദേശ് ആദ്യം ബാറ്റുചെയ്താല്‍ ആദ്യ ബോള്‍ എറിയും മുന്നേ പാകിസ്താന്‍ സെമി കാണാതെ പുറത്താകും; ഇന്ത്യയും കിവീസും ചതിച്ചുവെന്ന് പാക് ആരാധകര്‍

single-img
4 July 2019

ലോകകപ്പ് സെമിയില്‍ ഇന്ത്യ, ഓസ്ട്രേലിയ, ഇംഗ്ലണ്ട് ടീമുകള്‍ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. സെമിയില്‍ നാലാമത്തെ ടീമായി ഇടംപിടിക്കാന്‍ ന്യൂസിലന്‍ഡും പാക്കിസ്ഥാനും പോരാടവേ കൂടുതല്‍ സാധ്യത കിവികള്‍ക്കാണ്.

1992 ലെ ലോകകപ്പിലേതിന് സമാനമായി ഈ ലോകകപ്പിലെയും പാകിസ്താന്റെ മത്സരഫലങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ ടീം സെമിഫൈനലിലെത്തും എന്ന് ആരാധകരും പ്രതീക്ഷിച്ചു. എന്നാല്‍ ഇന്നലെ ഇംഗ്ലണ്ട് ന്യൂസീലന്‍ഡിനോട് വന്‍ മാര്‍ജിനില്‍ വിജയിച്ചതോടെ പാകിസ്താന്റെ സാധ്യതകള്‍ ഏതാണ്ട് ഇല്ലാതെയായി.

നിലവില്‍ ഒന്‍പതു മല്‍സരങ്ങളില്‍നിന്ന് 11 പോയിന്റുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ് ന്യൂസീലന്‍ഡ്. പാക്കിസ്ഥാന് എട്ടു മല്‍സരങ്ങളില്‍നിന്ന് ഒന്‍പതു പോയിന്റാണ് ഉള്ളത്. അവസാന മല്‍സരത്തില്‍ ബംഗ്ലദേശിനെ തോല്‍പ്പിച്ചാല്‍ അവര്‍ക്കും ന്യൂസീലന്‍ഡിനൊപ്പം 11 പോയിന്റാകും.

എന്നാല്‍, റണ്‍റേറ്റിലെ വ്യത്യാസമാണ് ഇപ്പോഴും പാക്കിസ്ഥാന്റെ പ്രതീക്ഷകളുടെ തിളക്കം കുറയ്ക്കുന്നത്. ലീഗില്‍ ഒരു മല്‍സരം ബാക്കിനില്‍ക്കുന്ന പാക്കിസ്ഥാന്റെ റണ്‍റേറ്റ് 0.792 ആണ്. ലീഗ് മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ന്യൂസീലന്‍ഡിന്റേത് +0.175 ഉം.

ന്യൂസീലന്‍ഡിനെ മറികടന്ന് സെമിയില്‍ കടക്കണമെങ്കില്‍ ടോസ് മുതല്‍ ഭാഗ്യദേവത പാക്കിസ്ഥാനൊപ്പം നില്‍ക്കണം. കാരണം, ബംഗ്ലദേശിനെതിരെ ആദ്യം ബാറ്റു ചെയ്ത് കൂറ്റന്‍ സ്‌കോര്‍ നേടിയാല്‍ മാത്രമേ അവര്‍ക്ക് എന്തെങ്കിലും സാധ്യതയുള്ളൂ.

മറിച്ച് ഈ മല്‍സരത്തില്‍ ബംഗ്ലദേശ് ടോസ് നേടുകയും ആദ്യം ബാറ്റു ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്താല്‍ അവരുടെ സാധ്യതകള്‍ കളത്തിലിറങ്ങുന്നതിനു മുന്‍പേ അവസാനിക്കും. ഇനി ആദ്യം ബാറ്റു ചെയ്താലും സെമി ഉറപ്പാക്കാന്‍ ചെറിയ കളിയൊന്നും മതിയാവുകയുമില്ല.

പാക്കിസ്ഥാന് മുന്നിലുള്ള വഴികള്‍ ഇങ്ങനെ: ആദ്യം ബാറ്റു ചെയ്ത് 350 റണ്‍സ് നേടുക, ബംഗ്ലദേശിനെ 311 റണ്‍സിന് തോല്‍പ്പിക്കുക. ആദ്യം ബാറ്റു ചെയ്ത് 400 റണ്‍സ് നേടുക, ബംഗ്ലദേശിനെ 316 റണ്‍സിന് തോല്‍പ്പിക്കുക. ആദ്യം ബാറ്റു ചെയ്ത് 450 റണ്‍സ് നേടുക, ബംഗ്ലദേശിനെ 321 റണ്‍സിന് തോല്‍പ്പിക്കുക.

ഇനി മല്‍സരത്തില്‍ ആദ്യം ബാറ്റുചെയ്യുന്നത് ബംഗ്ലദേശാണെങ്കില്‍ പാക്കിസ്ഥാന്റെ സാധ്യതകള്‍ പൂര്‍ണമായും അടയും. നെറ്റ് റണ്‍ റേറ്റില്‍ ന്യൂസീലന്‍ഡിനെ മറിടകക്കാന്‍ പൂജ്യത്തില്‍ താഴെ ബോളില്‍ തന്നെ പാകിസ്താന് ലക്ഷ്യം മറികടക്കണം. അത് ഗണിതശാസ്ത്രപരമായി സാധ്യമല്ലാത്തതിനാല്‍ ആദ്യ ബോള്‍ എറിയും മുമ്പ് തന്നെ പാകിസ്താന്‍ സെമി കാണാതെ പുറത്താകും.