അയ്യപ്പഭക്തരെ വഞ്ചിക്കാനാവില്ലെന്ന് കെ.പി. ശശികല; കാസര്‍കോട് നിന്ന് പത്തനംതിട്ടയിലേക്ക് രഥയാത്രയുമായി ശബരിമല കര്‍മ്മസമിതി

single-img
4 July 2019

മൂന്ന് മാസത്തോളമായി നിശ്ചലമായി കിടന്ന സമര-പ്രചാരണ പരിപാടികള്‍ വീണ്ടും ശക്തമാക്കാനൊരുങ്ങി ശബരിമല കര്‍മ്മസമിതി. ഇന്ന് പന്തളത്ത് ചേര്‍ന്ന സംസ്ഥാന സമിതിയോഗത്തിലാണ് സംഘടനയെ വീണ്ടും സജീവമാക്കി രംഗത്തിറക്കാന്‍ തീരുമാനിച്ചത്.

ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കുഴിച്ച കുഴിയില്‍ വീണു പോയെന്ന് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.യുവതി പ്രവേശനത്തിനെതിരെയുള്ള സമരങ്ങള്‍ മൂന്ന് മാസമായി നിലച്ചു.

കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മ്മാണം നടത്തിയില്ലെങ്കില്‍ ഇതുവരെ നടത്തിയ സമരങ്ങള്‍ വെറുതെയാകുമെന്നും ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ വിമര്‍ശനം ഉയര്‍ന്നു.

ഒക്ടോബറില്‍ കര്‍മസമിതിയുടെ നേതൃത്വത്തില്‍ എല്ലാ ജില്ലകളിലും രഥയാത്ര സംഘടിപ്പിക്കും. നവംബറില്‍ കാസര്‍കോട് നിന്ന് പത്തനംതിട്ട വരെ രഥയാത്ര സംഘടിപ്പിക്കും.

ഇതോടൊപ്പം അയ്യപ്പസേവാ സമാജത്തിന്റെ നേതൃത്വത്തില്‍ അഞ്ച് സംസ്ഥാനങ്ങളിലും രഥയാത്ര നടത്തും. അനുകൂല വിധി ഉണ്ടായില്ലെങ്കില്‍ ദേശീയ വ്യാപകമായി പ്രക്ഷോഭം നടത്താനും യോഗത്തില്‍ തീരുമാനമായി.

അതേസമയം, വിഷയത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയുടെ സ്വകാര്യബില്ലുകൊണ്ട് പ്രയോജനമില്ലെന്ന് കര്‍മസമിതി നേതാവ് കെ.പി. ശശികല പറഞ്ഞു. ഇവര്‍ കഴിഞ്ഞതവണയും എം.പിമാരായിരുന്നുവെന്നും അതിനാല്‍ നിലവിലെ അവരുടെ നടപടികളിലൂടെ അയ്യപ്പഭക്തരെ വഞ്ചിക്കാനാവില്ലെന്നും ശശികല വ്യക്തമാക്കി.

ശബരിമല യുവതീ പ്രവേശന വിധി തിരുത്തപെടേണ്ടത് തന്നെയാണെന്ന് യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട ശബരിമല കര്‍മ്മ സമിതി കണ്‍വീനര്‍ എസ്.ജെ.ആര്‍ കുമാര്‍ പറഞ്ഞു. പൊതു സ്ഥലത്തിന്റെ നിര്‍വ്വചനത്തില്‍ ഹിന്ദു ക്ഷേത്രങ്ങളെ ഉള്‍പ്പെടുത്തിയതും മാറ്റേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഹിന്ദു സമൂഹത്തിന്റെ ഉന്മൂല നിലപാട് എടുക്കുന്ന സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളുടെ കാര്യത്തില്‍ വ്യത്യസ്ത നിലപാടാണ് എടുക്കുന്നത്. പള്ളി തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാത്തത് ഇതിന് തെളിവാണ്. ശബരിമല യുവതീപ്രവേശനത്തിനെതിരെ എന്‍കെ പ്രേമചന്ദ്രന്‍ കൊണ്ടു വന്ന സ്വകാര്യബില്‍ ഗുണകരമല്ലെന്ന് എസ്‌ജെആര്‍ കുമാര്‍ പറഞ്ഞു.

ഭരണഘടന അനുസരിച്ച് യുവതീപ്രവേശനത്തിനായി നിയമം വേണം. ഇതിനായി അഭിഭാഷകരുമായി ചര്‍ച്ച ചെയ്ത് കരട് തയ്യാറാക്കി കേന്ദ്ര സര്‍ക്കാരിന് കൈമാറും. ഇതിനായി കര്‍മ്മ സമിതി പ്രതിനിധി സംഘം കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രിക്കും നിവേദനം നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.