സംസ്ഥാനത്ത് വൈദ്യുതി നിരക്ക് അടുത്ത ആഴ്ച വർധിപ്പിക്കും

single-img
4 July 2019

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്ത ആഴ്ച മുതല്‍. 10 ശതമാനമാണ് നിരക്ക് വര്‍ധന. മാസം 100 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് ഇരുപത്തഞ്ചുരൂപ കൂടും. രണ്ടുദിവസത്തിനകം വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പുതിയ നിരക്ക് പ്രഖ്യാപിക്കും.

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സർക്കാർ അഭ്യർഥന പ്രകാരം മാറ്റിവെച്ച നിരക്ക് വർധന തീരുമാനമാണ് വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്ത് റെഗുലേറ്ററി കമ്മീഷൻ അടുത്ത ആഴ്ച പ്രഖ്യാപിക്കുന്നത്. യൂണിറ്റിന് 20 പൈസമുതൽ 40 പൈസവരെയുള്ള വർധനവുണ്ടാകുമെന്ന് റെഗുലേറ്ററി കമ്മീഷൻ വ്യക്തമാക്കി. 200 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം വരുന്ന ഉപയോക്താക്കൾക്ക് 10 മുതൽ 80 പൈസവരെ വർധിപ്പിക്കണമെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ ആവശ്യം. അതിന് മുകളിലുള്ളവർക്ക് നേരിയ വർധനവാണ് ബോർഡ് ആവശ്യപ്പെട്ടിരുന്നത്.

നിരക്ക് വർധവിനൊപ്പം ഫിക്സഡ് ചാർജുകളിലും വർധനവുണ്ടാകും. അതേസമയം 10 ദിവസത്തേക്ക് മഴ പെയ്തില്ലെങ്കിലും ഈ മാസം 15 വരെ വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലെന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ.എസ്. പിള്ള പറഞ്ഞു. എന്നാൽ വെള്ളമില്ലാതെ ആഭ്യന്തര വൈദ്യുത ഉപയോഗത്തെ ബാധിക്കുന്ന സാഹചര്യം 15 ശേഷം ഉണ്ടാവുകയാണെങ്കിൽ അത് നേരിടാനുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ഇന്ന് വൈദ്യുതി ബോർഡ് യോഗം ചേരും.