മുഖ്യമന്ത്രിയുടെ യൂറോപ്യൻ പര്യടനത്തിന് സ്വകാര്യ ഏജൻസിയുടെ സുരക്ഷ; വിമർശനവുമായി പ്രതിപക്ഷം

single-img
4 July 2019

മുഖ്യമന്ത്രി യൂറോപ്യൻ പര്യടനം നടത്തിയപ്പോൾ സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഒരുക്കിയതിനെ വിമര്‍ശിച്ച് പ്രതിപക്ഷം. കേരള നിയമസഭയിലായിരുന്നു പ്രതിപക്ഷം വിമര്‍ശനം ഉന്നയിച്ചത്. പോലീസ് മേധാവി സ്വകാര്യ സുരക്ഷ ഒരുക്കിയത് മുഖ്യമന്ത്രിയെ മണിയടിക്കാനാണെന്ന് പ്രതിപക്ഷം പരിഹസിച്ചു.

എന്നാൽ സെഡ് കാറ്റഗറിക്ക് കീഴിലുള്ള വിവിഐപികള്‍ക്ക് സുരക്ഷ ഒരുക്കുന്നത് സ്വാഭാവികമാണെന്നായിരിന്നു ഇതിനു ഭരണപക്ഷം മറുപടി നല്‍കിയത്. നിയമസഭയിലെ ധനാഭ്യര്‍ത്ഥന ചര്‍ച്ചക്കിടെയാണ് വാദപ്രതിവാദങ്ങള്‍ നടന്നത്. കഴിഞ്ഞ മെയ്യിൽ മുഖ്യമന്ത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിന് പോയപ്പോള്‍ സ്വകാര്യ ഏജന്‍സിയാണ് സുരക്ഷ ഒരുക്കിയത്.

ഈ സുരക്ഷയ്ക്ക് ആവശ്യമായ പണം നല്‍കാന്‍ സംസ്ഥാന പോലീസ് മേധാവിയെ ചുമതലപ്പെടുത്തി ആഭ്യന്തര വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കുകയും ചെയ്തു. ഇഎംഎസ് മുതല്‍ ഉമ്മന്‍ ചാണ്ടി വരെയുള്ള മുഖ്യമന്ത്രിമാര്‍ക്ക് സ്വകാര്യ ഏജന്‍സികളുടെ സുരക്ഷ ഇല്ലായിരുന്നെന്ന് പിടി തോമസ് പറഞ്ഞു.

കഴിഞ്ഞ ദിവസം കെഎസ്യു മാര്‍ച്ചിനിടെയുണ്ടായ പോലീസ് നടപടിക്കെതിരെയും നിയമസഭയില്‍ പ്രതിപക്ഷം പ്രതിഷേധിച്ചു. നിയമസഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ പോലീസിനെതിരെ മുദ്രാവാക്യം മുഴക്കി. നെടുങ്കണ്ടം കസ്റ്റഡി മരണം സംബന്ധിച്ചും നിയമസഭയില്‍ വാക്‌പോരുണ്ടായി. പീരുമേട് കസ്റ്റഡി മരണത്തില്‍ പ്രതിപക്ഷം പിണറായി വിജയനെ കുറ്റപ്പെടുത്തി.

പോലീസ് ആളുകളെ കൊന്നാല്‍ സംരക്ഷിക്കാന്‍ ആളുണ്ടെന്ന തോന്നല്‍ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ട്. കസ്റ്റഡി മര്‍ദ്ദനങ്ങള്‍ കൂടുന്നത് മന്ത്രിയുടെ പിന്തുണയുള്ളതുകൊണ്ടാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാര്‍ കുറ്റം ചെയ്യുന്നവരെ സംരക്ഷിക്കില്ലെന്നും പോലീസിലെ കൊള്ളരുതായ്മകള്‍ കണ്ടെത്തി നടപടി എടുക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.