ശബരിമല വിഷയത്തിൽ കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതം; ഉത്തരവാദിത്തമുള്ള ഒരു മന്ത്രിക്ക് അങ്ങനെ മാത്രമേ പറയാനാകൂ: ശ്രീധരൻപിള്ള
ശബരിമലയിലെ യുവതീപ്രവേശനവിഷയത്തിൽ കേന്ദ്രമന്ത്രിയുടെ മറുപടി നിയമാനുസൃതമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള. സുപ്രീം കോടതി വിധി മറികടക്കുന്നതിന് കേന്ദ്രം ഇപ്പോള്‍ നിയമ നിര്‍മാണത്തിനില്ലെന്ന് ലോക്സഭയില്‍ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞതിനെ പിന്തുണച്ചാണ് ശ്രീധരന്‍പിള്ള രംഗത്തെത്തിയത്.
‘കേന്ദ്രമന്ത്രിയുടെ വാക്കുകള്‍ നിയമാനുസൃതമാണ്. ഉത്തരവാദിത്തമുള്ള ഒരു മന്ത്രിക്ക് അങ്ങനെമാത്രമേ പറയാനാകൂ. കോടതിയുടെ പരിഗണനയിലുള്ള ഒരു കാര്യത്തില്‍ ഇടപെടുന്നത് കോടതിയലക്ഷ്യമാകുമെന്ന് കരുതിയാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്നാണ് ഞാന്‍ കരുതുന്നത്’
ശ്രീധരന് പിള്ള പറഞ്ഞു
കേരള സര്‍ക്കാര്‍ ശബരിമലയില്‍ സ്ത്രീകളെ കൊണ്ടുപോകില്ലെന്ന നിലപാട് ഇപ്പോള്‍ എടുത്തിട്ടുണ്ട്. ഇതോടെ വിവാദങ്ങള്‍ അവസാനിച്ചു. സമരങ്ങള്‍ക്കുള്ള സാഹചര്യം ഇല്ലാതായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മടിക്കാണിക്കുന്നുവെന്ന വാദം അജ്ഞതകൊണ്ടുള്ളതാണെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ലോക്സഭയില്‍ ശശി തരൂര്‍ എംപിയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.