നെടുങ്കണ്ടം കസ്റ്റഡി മരണം: എസ്‌ഐ അടക്കം രണ്ട് പൊലീസുകാര്‍ അറസ്റ്റില്‍

single-img
3 July 2019

നെടുങ്കണ്ടം പൊലീസ് സ്റ്റേഷനില്‍ ചിട്ടി തട്ടിപ്പ് കേസ് പ്രതി കുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ രണ്ടു പൊലീസുകാരെ അറസ്റ്റു ചെയ്തു. മുന്‍ നെടുങ്കണ്ടം എസ്‌ഐ കെ.എ. സാബു, സിപിഒ സജീവ് ഉള്‍പ്പെടെ 2 പേരെ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റു ചെയ്തത്. ഇന്നു തന്നെ കൂടുതല്‍ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ആവശ്യപ്പെട്ടിട്ട് പോലും കസ്റ്റഡിയിലായിരുന്ന രാജ്കുമാറിനെ എസ്‌ഐയും സംഘവും കോടതിയില്‍ ഹാജരാക്കിയില്ലെന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തിയിരുന്നു. നെടുങ്കണ്ടം സ്റ്റേഷനില്‍ വച്ച് രാജ്കുമാര്‍ ക്രൂരമായ കസ്റ്റഡി മരണത്തിന് ഇരയായെന്ന് സ്ഥിരീകരിക്കുന്ന ദൃക്‌സാക്ഷി മൊഴികളും അന്വേഷണസംഘത്തിന് ലഭിച്ചിരുന്നു.

പൊലീസ് കസ്റ്റഡിയില്‍ രാജ്കുമാറിന് ക്രൂരമായ പീഡനം ഏല്‍ക്കേണ്ടി വന്നതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ന്യൂമോണിയ ബാധയെ തുടര്‍ന്നാണ് രാജ്കുമാര്‍ മരിച്ചതെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ദിവസങ്ങളോളം രാജ്കുമാറിനെ കസ്റ്റഡിയില്‍ വച്ച് മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് ന്യൂമോണിയ ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോള്‍ ഉള്ളത്.

അതേസമയം കസ്റ്റഡിമരണത്തില്‍ പങ്കുള്ള മറ്റു പൊലീസുകാരേയും ഉന്നത ഉദ്യോഗസ്ഥരേയും വിശദമായി ചോദ്യം ചെയ്യുകയും അറസ്റ്റ് ചെയ്യുകയും വേണമെന്ന നിലപാടിലാണ് രാജ്കുമാറിന്റെ കുടുംബം.

നിലവില്‍ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ഇവര്‍ക്കെതിരെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും അറസ്റ്റ് ചെയ്യണമെന്നും കുടുംബം ആവശ്യപ്പെടുന്നു.