ഞാന്‍ കുടുങ്ങിയത് മറ്റാര്‍ക്കോ വിരിച്ച വലയില്‍: ജയില്‍ സൂപ്രണ്ട് നിര്‍ബന്ധിപ്പിച്ച് മുടി വെട്ടിച്ചു; ജയിലിലെ ഞെട്ടിക്കുന്ന ദുരനുഭവങ്ങള്‍ വെളിപ്പെടുത്തി ഷൈന്‍ ടോം ചാക്കോ

single-img
3 July 2019


ഇതിഹാസയില്‍ തുടങ്ങി അടുത്തിടെ പുറത്തിറങ്ങിയ ഇഷ്‌ക്, ഉണ്ട എന്നീ ചിത്രങ്ങളില്‍ വരെയും പ്രേക്ഷകനെ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു നടന്‍ ഷൈന്‍ ടോം ചാക്കോയുടേത്. എന്നാല്‍ ഇതിനിടയില്‍ ദൗര്‍ഭാഗ്യവും ഷൈന്‍ ടോം ചാക്കോയുടെ ജീവിതത്തില്‍ കടന്നു പോയി. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കോമ്പോഴാണ് താരത്തിന് ജയിലില്‍ പോകേണ്ടി വന്നത്. ജീവിതത്തെ ആകെമാനം മാറ്റി മറിച്ച സംഭവമായിരുന്നു അതെന്ന് ഷൈന്‍ പറയുന്നു.

സിനിമാ മാസികയ്ക്കു നല്‍കിയ അഭിമുഖത്തിലാണ് ഷൈന്‍ ടോം 60 ദിവസത്തോളം നീണ്ട ജയില്‍ ജീവിതം വെളിപ്പെടുത്തിയത്. ‘ഇതിഹാസ എന്ന ചിത്രത്തിന്റെ അപ്രതീക്ഷിത വിജയം എല്ലാവരെയും അദ്ഭുതപ്പെടുത്തി. എനിക്ക് പെട്ടെന്ന് ജീവിതത്തില്‍ വലിയൊരു പ്രതീക്ഷ കൈവന്നു. ആ സമയത്താണ് ജീവിതത്തെ മാറ്റി മറിച്ച സംഭവങ്ങളുണ്ടായത്. അറുപതുദിവസത്തോളം ജയിലില്‍ കഴിഞ്ഞു.’

‘സഹതടവുകാരനായിരുന്ന തമിഴ്‌നാട്ടുകാരന്‍ ഗണപതി ആത്മവിശ്വാസം നല്‍കി കൂടെ നിര്‍ത്തി. രജനീകാന്തിന്റെയും എംജിആറിന്റെയും ശിവാജി ഗണേശന്റെയുമൊക്കെ കഥകള്‍ പറഞ്ഞ് നിരന്തരം മോട്ടിവേറ്റ് ചെയ്തു. എന്നാല്‍ നമ്മളെ നിരാശപ്പെടുത്തുന്ന കാര്യങ്ങള്‍ പറയുന്ന തടവുകാരും അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.

ജീവിതത്തില്‍ ആദ്യമായി ഒരു പുസ്തകം വായിക്കുന്നത് ജയിലില്‍ വച്ചാണ്. പൗലോ കൊയ്ലോയുടെ ‘ദി ഫിഫ്ത് മൗണ്ടന്‍’. ഒരു മനുഷ്യനെ പുസ്തകങ്ങള്‍ എത്രത്തോളം സ്വാധീനിക്കുമെന്നും ആ ദിവസങ്ങളില്‍ തിരിച്ചറിഞ്ഞു. അറുപത് ദിവസം കഴിഞ്ഞാണ് ജാമ്യം കിട്ടിയത്.’

‘വിശ്വാസം അതല്ലേ എല്ലാം’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ജയിലിലായത്. ചിത്രത്തിലെ കഥാപാത്രത്തിന് വേണ്ടിയുള്ള പ്രത്യേക ഹെയര്‍ സ്റ്റെല്‍ ആയിരുന്നു അപ്പോള്‍ എനിക്ക്. ‘മുടി വെട്ടരുതേ…’ എന്ന് കേണപേക്ഷിച്ചിട്ടും അവരെന്റെ മുടി വെട്ടി.

കുടുംബാംഗങ്ങള്‍ എല്ലാവരും ഇതറിഞ്ഞു ശരിക്കും തളര്‍ന്നു പോയി. ഞാന്‍ ജയിലിലായ സമയത്ത് രണ്ടാഴ്ചയോളം മമ്മി ആഹാരം കഴിച്ചില്ല. ഓരോ ബുധനാഴ്ചകളിലും ജാമ്യം കിട്ടുമെന്ന് പ്രതീക്ഷിച്ച് ഡാഡിയെ കാത്തിരുന്നു. എന്നാല്‍, നീണ്ട 60 ദിവസം വേണ്ടി വന്നു പുറത്തിറങ്ങാന്‍”.

എന്നെ കുടുക്കാന്‍ ഉപയോഗിച്ച തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണെന്നും മാറ്റാരെയോ കുടുക്കാന്‍ എറിഞ്ഞ വലയില്‍ താന്‍ ചെന്നു വീണതാകാം. എല്ലാം കോടതിയില്‍ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു.’ഷൈന്‍ പറഞ്ഞു.