സെമി ഫൈനലില്‍ ഇന്ത്യയുടെ എതിരാളി ആര്?; പാക്കിസ്ഥാനും സെമി സാധ്യത

single-img
3 July 2019

വിറപ്പിക്കാനെത്തിയ ബംഗ്ലാദേശിനെ തുരത്തിയോടിച്ച് രാജകീയമായാണ് ടീം ഇന്ത്യ ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറിയത്. കരുത്തരായ ഇന്ത്യക്കെതിരെ പൊരുതി എന്ന ആശ്വാസം മാത്രം ബാക്കിയായ ബംഗ്ലാദേശിനെതിരെ 28 റണ്‍സിന്റെ വിജയമാണ് കോലിപ്പട സ്വന്തമാക്കിയത്. ഇന്ത്യ മുന്നോട്ട് വച്ച 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്റെ പോരാട്ടം അവസാനിച്ചു.

സെഞ്ചുറി നേടിയ ഹിറ്റ്മാന്‍ വീണ്ടും ഇന്ത്യന്‍ ബാറ്റിംഗിന്റെ നെടുംതൂണായപ്പോള്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്റെ സ്വപ്നങ്ങള്‍ തകര്‍ത്തു. ഷാക്കിബ് അല്‍ ഹസനും മുഹമ്മദ് സൈഫുദ്ദീനും ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറികള്‍ നേടി. മുസ്താഫിസുര്‍ അഞ്ച് വിക്കറ്റ് പ്രകടനവും കാഴ്ചവെച്ചു.

ഒരു മത്സരം ബാക്കിനില്‍ക്കെ എട്ട് മത്സരങ്ങളില്‍ ആറ് വിജയം ഉള്‍പ്പെടെ 13 പോയിന്റുമായാണ് ഇന്ത്യ സെമി സ്ഥാനം ഉറപ്പിച്ചത്. അതേസമയം, ഇന്നത്തെ ന്യൂസീലന്‍ഡ് ഇംഗ്ലണ്ട് മത്സരത്തിലെ വിജയികളുമായി ഇന്ത്യ സെമി കളിക്കാന്‍ സാധ്യത ഏറെയാണ്.

പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും നാലാം സ്ഥാനക്കാരും തമ്മില്‍ ഒന്‍പതിനാണ് ആദ്യ സെമി. പതിനൊന്നിനുള്ള രണ്ടാം സെമിയില്‍ പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനക്കാരും മൂന്നാം സ്ഥാനക്കാരും ഏറ്റുമുട്ടും.

അവസാന മത്സരത്തില്‍ ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയോടു തോറ്റാല്‍ മാത്രമേ ഇന്ത്യ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തൂ. രണ്ടു ടീമുകളുടെയും ഇപ്പോഴത്തെ ഫോം വച്ചുനോക്കിയാല്‍ അതിനു സാധ്യത വളരെക്കുറവ്.

അവസാന മത്സരത്തില്‍ ശ്രീലങ്കയോടു ജയിച്ചാലും തോറ്റാലും ഇന്ത്യയ്ക്കു പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനമോ മൂന്നാം സ്ഥാനമോ ഉറപ്പാണ്. അങ്ങനെയെങ്കില്‍ ഇന്നലെ ബംഗ്ലദേശിനെ നേരിട്ട അതേ വേദിയില്‍ (എജ്ബാസ്റ്റന്‍) ന്യൂസീലന്‍ഡ്, ഇംഗ്ലണ്ട് എന്നീ ടീമുകളിലൊന്നുമായി ഇന്ത്യ സെമി കളിക്കും.

അതേസമയം, പോയിന്റ് പട്ടികയിലെ നാലാം സ്ഥാനക്കാരായി സെമിയില്‍ എത്താന്‍ പാക്കിസ്ഥാനും സാധ്യതയുണ്ട്. ഇന്ന് ഇംഗ്ലണ്ടിനെതിരെ കിവീസ് ജയിക്കുകയാണെങ്കില്‍, അവസാന മത്സരത്തില്‍ ബംഗ്ലദേശിനെ കീഴടക്കിയാല്‍ പാക്കിസ്ഥാനു സെമി ഉറപ്പാണ്.

കിവീസിനെ ഇംഗ്ലണ്ട് വന്‍ മാര്‍ജിനില്‍ പരാജയപ്പെടുത്തിയാലും പാക്കിസ്ഥാനു സാധ്യത. പക്ഷേ, അതിനു ബംഗ്ലദേശിനെ മികച്ച റണ്‍നിരക്കില്‍ തോല്‍പ്പിക്കണം. അങ്ങനെയെങ്കില്‍ പാക്കിസ്ഥാന്‍ ഓസ്‌ട്രേലിയ സെമിക്കു കളമൊരുങ്ങും.