അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപനവുമായി അംബാട്ടി റായിഡു; തീരുമാനം മായങ്ക് അഗര്‍വാളിനെ ‘തിരഞ്ഞെടുത്തതിന്’ പിന്നാലെ

single-img
3 July 2019


ഐ.പി.എല്‍ ഉള്‍പ്പെടെ എല്ലാത്തരം ക്രിക്കറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യയുടെ മധ്യനിര ബാറ്റ്‌സ്മാന്‍ അമ്പാട്ടി റായിഡു. ലോകകപ്പിനിടെ പരിക്കേറ്റ വിജയ് ശങ്കറിന് പകരക്കാരനായി മായങ്ക് അഗര്‍വാളിനെ തിരഞ്ഞെടുത്ത തീരുമാനത്തിന് പിന്നാലെയാണ് വിരമിക്കല്‍ പ്രഖ്യാപനം.

ലോകകപ്പിനുള്ള പകരക്കാരുടെ പട്ടികയില്‍ റായിഡു ഉള്‍പ്പെട്ടിരുന്നു. ലോകക്കപ്പിനിടെ ശിഖര്‍ ധവാനും ശങ്കറിനും പരിക്കേറ്റെങ്കിലും റിഷഭ് പന്തിനെയും അഗര്‍വാളിനെയുമാണ് ടീമിലേക്ക് വിളിച്ചത്. ഇതാണ് പെട്ടെന്നുള്ള വിരമിക്കലിന് പ്രകോപനമായതെന്നു കരുതുന്നു.

ഇന്ത്യയുടെ ലോകകപ്പ് ഒരുക്കങ്ങളില്‍ നിര്‍ണായക ഘടകമായിരുന്ന റായിഡു ഒരുവേള ടീമില്‍ സ്ഥാനം ഉറപ്പിച്ച താരമായിരുന്നു. എന്നാല്‍, ലോകകപ്പ് തുടങ്ങുന്നതിനു തൊട്ടുമുന്‍പുള്ള പരമ്പരകളില്‍ നിറംമങ്ങിയതാണ് താരത്തിന് തിരിച്ചടിയായത്.

രാജ്യാന്തര പരമ്പരകള്‍ക്കു പിന്നാലെ ഐപിഎല്ലിലും നിറംമങ്ങിയതോടെ അവസാന പ്രതീക്ഷയും നഷ്ടപ്പെട്ടു. ഇതിനിടെ ശ്രദ്ധേയ പ്രകടനങ്ങളുമായി തമിഴ്‌നാട്ടില്‍നിന്നുള്ള വിജയ് ശങ്കര്‍ ഉയര്‍ന്നുവന്നതോടെ റായിഡുവിനെ സിലക്ടര്‍മാര്‍ തഴയുകയായിരുന്നു.

ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയതോടെ പരസ്യ പ്രതികരണവുമായി റായിഡു രംഗത്തെത്തിയിരുന്നു. റായിഡുവിനു പകരം വിജയ് ശങ്കറിനെ പരിഗണിക്കാനുള്ള കാരണമായി ചീഫ് സിലക്ടര്‍ എം.എസ്.കെ. പ്രസാദ് പറഞ്ഞ കാരണം വിജയ് ശങ്കര്‍ ‘ത്രീ ഡയമെന്‍ഷന’ല്‍ താരമാണെന്നായിരുന്നു.

ബോളിങ്ങിലും ബാറ്റിങ്ങിലും ഫീല്‍ഡിങ്ങിലും ഒരേപോലെ ഉപയോഗപ്പെടുത്താവുന്ന താരമെന്ന് ചുരുക്കം. ഈ പരാമര്‍ശത്തെ പരിഹസിച്ച്, ‘ഞാനൊരു ത്രീഡി കണ്ണട’യ്ക്ക് ഓര്‍ഡര്‍ നല്‍കിയെന്ന് ട്വീറ്റ് ചെയ്തും റായുഡു വിവാദത്തില്‍പ്പെട്ടു. ലോകകപ്പ് ടീമിലേക്കു പരിഗണിക്കപ്പെടാതിരിക്കാന്‍ ഇതും കാരണമായി വിലയിരുത്തപ്പെടുന്നു.

ഏറെ വൈകി 28ാം വയസ്സില്‍ മാത്രം രാജ്യാന്തര ക്രിക്കറ്റില്‍ അരങ്ങേറാന്‍ അവസരം ലഭിച്ച ഈ ആന്ധ്രാപ്രദേശുകാരന്‍ ഇന്ത്യയ്ക്കായി 55 ഏകദിനങ്ങളിലും ആറു ട്വന്റി20കളിലും കളിച്ചു. ഏകദിനത്തില്‍ മൂന്നു സെഞ്ചുറിയും 10 അര്‍ധസെഞ്ചുറിയും സഹിതം 47.05 റണ്‍ ശരാശരിയില്‍ 1694 റണ്‍സ് നേടി. പുറത്താകാതെ നേടിയ 124 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആറു ട്വന്റിയില്‍നിന്ന് 42 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 20 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

2013 ല്‍ സിംബാബ്വെക്കെതിരെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച റായുഡു ഈ വര്‍ഷം റാഞ്ചിയില്‍ ഓസ്ട്രേലിയയ്ക്കെതിരായണ് അവസാന ഏകദിനം കളിച്ചത്. ഏകദിനത്തിലും ട്വന്റി20യിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതായി റായുഡു കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു.