മലയാള സിനിമയിലെ ആണ്‍ പെണ്‍ വിവേചനം; ശ്രീനിവാസന്റെ അഭിപ്രായത്തിന് താന്‍ ഒരുവിലയും കൊടുക്കുന്നില്ലെന്ന് പാർവതി

single-img
3 July 2019

മലയാള സിനിമാ ഫീൽഡിൽ ആണ്‍ പെണ്‍ വിവേചനമില്ലെന്ന ശ്രീനിവാസന്റെ അഭിപ്രായത്തിന് താന്‍ ഒരുവിലയും കൊടുക്കുന്നില്ലെന്നും, ശ്രീനിവാസന്‍ പറഞ്ഞത് അപ്രസക്തമാണെന്നും ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍വതി. മലയാള സിനിമയിൽ ഒരു വനിതാ സംഘടനയുടെ ആവശ്യവും ഉദ്ദേശ്യവുമെന്തെന്ന് മനസിലാകുന്നില്ലെന്നും മലയാള സിനിമയില്‍ ആണ്‍ പെണ്‍ വിവേചനമില്ലെന്നും അടുത്തിടെ ഒരു ദൃശ്യമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീനിവാസന്‍ പ്രതികരിച്ചിരുന്നു.

‘അദ്ദേഹത്തിന്റെ അത്തരം ഒരു കമന്റിന് ഉത്തരം പറഞ്ഞ് അതിനെ മഹത്വവല്‍ക്കരിക്കാന്‍ ഞാന്‍ താല്‍പര്യപ്പെടുന്നില്ല എന്നാണ് പാർവതി പ്രതികരിച്ചത്. ആ അഭിപ്രായത്തിന് ഞാന്‍ ഒരു വിലയും കൊടുക്കുന്നില്ല. അപ്രസക്തമാണ് ആ കമന്റ്. സത്യമാണ് പ്രസക്തം. ആ സത്യം എല്ലാവരുടെയും മുന്നില്‍ തുറന്നുവച്ചിട്ടുള്ളതാണ്. അത് സുവ്യക്തവുമാണ്’-പാര്‍വതി പറഞ്ഞു.

എന്നാൽ ഫെമിനിച്ചി എന്ന വിളി താന്‍ ഏറ്റെടുക്കുകയാണെന്നും ഏറ്റവും ബെസ്‌റ്റായ ഒരു വിളിയായാണ് അത് തനിക്ക് തോന്നുന്നതെന്നും പാര്‍വതി അഭിമുഖത്തില്‍ പറയുന്നുണ്ട്. താരങ്ങളുടെ ഫാന്‍സ് അസോസിയേഷനുകളെയും പാര്‍വതി വിമര്‍ശിക്കുന്നുണ്ട്. ‘സിനിമയിൽ ഞാനും ചിലരുടെയൊക്കെ ഫാനാണ്. എന്നുകരുതി, ആരാധന മൂത്ത് പറയുന്നതെന്തും കണ്ണുമടച്ച്‌ വിശ്വസിക്കുന്ന അന്ധമായി ഒരാളെ ഫോളോ ചെയ്യുന്ന അവസ്ഥ ഉണ്ടാകരുത്. ഫാന്‍സ് അസോസിയേഷന്‍ എന്നു പറയുന്ന സംഭവം, പലരും ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടൊന്നൊക്കെ പറയുന്നുണ്ട്. പക്ഷേ ആത്യന്തികമായി നല്ലതിനേക്കാളേറെ മോശമാണ് സംഭവിക്കുന്നത്’- പാര്‍വതി പറയുന്നു.