പാർലമെന്റിനെ പിടിച്ചുകുലുക്കിയ ആ പ്രസംഗം കോപ്പിയടിച്ചതോ? ; എംപി മഹുവ മോയിത്ര പ്രതികരിക്കുന്നു

single-img
3 July 2019

ലോക്സഭയെ ആകെ പിടിച്ചുകുലുക്കി നടത്തിയ തന്റെ കന്നി പ്രസംഗം കോപ്പിയടിയാണെന്ന ആരോപണത്തിന് മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മോയിത്ര. അത് എന്‍റെ ഹൃദയത്തില്‍നിന്ന് വന്ന വാക്കുകളായിരുന്നു. ഞാന്‍ നടത്തിയ പ്രസംഗം പങ്കുവെച്ച ഓരോ ഇന്ത്യക്കാരനും ഹൃദയം കൊണ്ടാണത് ചെയ്തത്.

പ്രസംഗ ശേഷം ലഭിച്ച പ്രതികരണം ആത്മാര്‍ഥമായിരുന്നുവെന്നും മഹുവ പറഞ്ഞു. നന്നായി കണ്ണുതുറന്ന് നോക്കിയാല്‍ ഇന്ത്യയില്‍ ഫാസിസം പിടിമുറുക്കുന്നത് കാണാം. എന്‍റെ പ്രസംഗത്തിന്‍റെ ഉറവിടങ്ങള്‍ ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രശസ്ത രാഷ്ട്രീയ ചിന്തകന്‍ ഡോ. ലോറന്‍സ് ഡബ്ല്യു ബ്രിട്ട് ഫാസിസം വരുന്നതിന് മുമ്പുള്ള 14 അടയാളങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ നമ്മുടെ സാഹചര്യത്തില്‍ അതില്‍ ഏഴ് അടയാളങ്ങളെ ഞാന്‍ പ്രസംഗത്തില്‍ ഉപയോഗിച്ചുള്ളൂവെന്നും മഹുവ പ്രസ്താവനയില്‍ പറഞ്ഞു.

ആദ്യമായി പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ട മഹുവ മോയിത്ര ലോക്സഭയില്‍ നടത്തിയ പ്രസംഗം കോപ്പിയടിച്ചതാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ വ്യാപകമായി പ്രചാരണം നടന്നിരുന്നു. ബിജെപി ഹാന്‍ഡില്‍ സോഷ്യല്‍മീഡിയ ഗ്രൂപ്പുകളിലാണ് പ്രചാരണം കൂടുതലായി നടന്നത്. ഇന്ത്യയില്‍ ഫാസിസം വരുന്നതിനുള്ള അടയാളമായി മഹുവ ചൂണ്ടിക്കാണിച്ച ഏഴ് അടയാളങ്ങള്‍ ഒരു വാഷിങ്ടണ്‍ മാഗസിനില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിനെതിരെ പ്രസിദ്ധീകരിച്ച ലേഖനത്തില്‍നിന്ന് കോപ്പിടയിച്ചതാണെന്നായിരുന്നു പ്രധാന ആരോപണം.