പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആയിരം കുടുംബങ്ങൾക്ക് വീട്; അഞ്ഞൂറ് വീടെങ്കിലും പൂർത്തിയാക്കാനാണ് കെ പി സി സി ശ്രമിക്കുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

single-img
3 July 2019

കഴിഞ്ഞ വർഷം സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ വീട് നഷ്ടപ്പെട്ട ആയിരം കുടുംബങ്ങൾക്ക് വീട് നൽകുമെന്ന പ്രഖ്യാപനത്തിൽ നിന്ന് കോൺഗ്രസ് പിന്നോട്ട് പോകുന്നു. തുടക്കത്തിൽ പാർട്ടി വാഗ്ദാനം ചെയ്തിരുന്നത് പോലെ ആയിരം വീടുണ്ടാക്കാൻ സാധിക്കുമോയെന്ന് ആശങ്കയുണ്ടെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു.

ഇന്ന് വൈകിട്ട് കെപിസിസി ആസ്ഥാനത്ത് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇങ്ങിനെ പ്രതികരിച്ചത്. “ആയിരം വീടുകൾ ഉണ്ടാക്കാനാകുമോയെന്ന് ആശങ്കയുണ്ട്. അഞ്ഞൂറ് വീടെങ്കിലും പൂർത്തിയാക്കാനാണ് കെ പി സി സി യുടെ ശ്രമം. മുൻപുണ്ടായിരുന്ന പ്രസിഡണ്ട് ആത്മാർത്ഥത കൊണ്ടാണ് ആയിരം വീടെന്ന് പ്രഖ്യാപിച്ചത്,” മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി.

പ്രളയദുരന്തത്തിൽ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപ ചെലവില്‍ പുതിയ വീടുകള്‍ നിര്‍മിച്ച്‌ നല്‍കാനാണ് കഴിഞ്ഞ വർഷം കെപിസിസി എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചത്. ഈ തീരുമാനം അന്നത്തെ പ്രസിഡന്‍റ് എംഎം ഹസന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ്. ഇത്തരത്തിൽ വീടുകൾ നിർമ്മിക്കുന്നതിനായി ആയിരം മണ്ഡലം കമ്മിറ്റികള്‍ അഞ്ച്‌ലക്ഷം രൂപ വീതം സ്വരൂപിക്കാനായിരുന്നു തീരുമാനം.