സിഓടി നസീര്‍ വധശ്രമം: എഎന്‍ ഷംസീര്‍ എംഎല്‍എയെ ചോദ്യം ചെയ്യും

single-img
3 July 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച മുന്‍ സിപിഎം നേതാവ് സിഒടി നസീറിനെ വധിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയെ പോലീസ് ചോദ്യം ചെയ്യും. ഇപ്പോള്‍ നടക്കുന്ന നിയമസഭ സമ്മേളനം കഴിഞ്ഞ് എംഎല്‍എയെ ചോദ്യം ചെയ്യുമെന്ന് തലശേരി ഡിവൈഎസ്പി കെവി വേണുഗോപാല്‍ പറഞ്ഞു.

ചികിത്സയില്‍ ആയിരിക്കെ നസീര്‍ പോലീസില്‍ നല്‍കിയ മൊഴിയില്‍ എംഎല്‍എയുടെ പേര് പരാമര്‍ശിക്കുന്ന സാഹചര്യത്തിലാണ് ഷംസീറിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളതെന്നും ഇതിന് മുന്നോടിയായി നസീറില്‍ നിന്ന് ഒരിക്കല്‍ കൂടി മൊഴി രേഖപ്പെടുത്തുമെന്നും ഡിവൈഎസ്പി വ്യക്തമാക്കി.

വധിക്കാനുള്ള സംഭവത്തില്‍ ഗൂഢാലോചന നടന്നത് എംഎല്‍എയുടെ സഹോദരന്‍ എ എന്‍ ഷഹീറിന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാറില്‍ വച്ചാണെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി. എംഎല്‍എയുടെ തന്നെ പാറാലിലെ ആമിനാസ് എന്ന വിലാസം തന്നെയാണ് എറണാകുളം രജിസ്‌ട്രേഷനുള്ള ആര്‍സി ബുക്കിലുള്ളത്. ഈ സാഹചര്യവും കൂടി കണക്കിലെടുത്താണ് എംഎല്‍എയെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചിട്ടുള്ളത്. മേയ് മാസം 18-നാണ് നസീറിന് നേരെ തലശേരി കായ്യത്ത് റോഡില്‍ വച്ച് വധശ്രമം നടന്നത്. കേസില്‍ ഇതുവരെ ഒമ്പത് പ്രതികളാണ് അറസ്റ്റിലായത്. നൂറിലധികം പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിക്കഴിഞ്ഞു.