ബ്രസീലിനായി കളിച്ചത് റഫറിയോ; ആരോപണവുമായി മെസിയും അര്‍ജന്റീനയും

single-img
3 July 2019

കോപ്പ അമേരിക്കയില്‍ നിന്നും ബ്രസീലിനോട് തോറ്റ് പുറത്തായതിന്റെ പിന്നാലെ റഫറിക്കെതിരെ ഗരുതരമായ ആരോപണവുമായി അര്‍ജന്റീന താരങ്ങള്‍. തങ്ങള്‍ക്ക് അനുകൂലമായി മത്സരത്തില്‍ രണ്ട് ഉറച്ച പെനാല്‍റ്റി റഫറി അനുവദിച്ചില്ലെന്നും വീഡിയോ റഫറിയിങ്(വാര്‍) പരാജയമായെന്നും സൂപ്പര്‍താരം ലയണല്‍ മെസിയും സെര്‍ജിയോ അഗ്യൂറോയും ആരോപിച്ചു.

ബ്രസീലിനെതിരെ നടന്ന സെമി ഫൈനലില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് അര്‍ജന്റീന പരാജയപ്പെട്ടത്. ടൂര്‍ണമെന്റിലുടനീളം ഇതുവരെ മത്സരം തടസ്സപ്പെടുന്നുണ്ടെന്ന പരാതിക്കിടയിലും വീഡിയോ റഫറിയിങ്ങില്‍ വിട്ടുവീഴ്ച കാണിച്ചില്ല. അതേപോലെ വാര്‍ പരിശോധനയില്‍ യുറുഗ്വയുടെ മൂന്ന് ഗോളുകള്‍ നിഷേധിക്കപ്പെട്ടിരുന്നു. ഈ തീരുമാനം ക്വാര്‍ട്ടറില്‍ പെറുവിനെതിരെ അവരുടെ പരാജയത്തിനും ഇടയാക്കി.

അതേസമയം തങ്ങള്‍ക്കെതിരെ റഫറി പക്ഷപാതപരമായാണ് പെരുമാറിയതെന്ന് മെസി പറഞ്ഞു. ഞങ്ങളുടെ ടീമിനെതിരെ അനാവശ്യമായി റഫറി ഫൗള്‍ വിളിച്ചു. മാത്രമല്ല ഒരിക്കല്‍പ്പോലും വാറിന്റെ സഹായം തേടിയില്ല. ടൂര്‍ണമെന്റിന്റെ സംഘാടകര്‍ ഒരു ടീമിന് അനുകൂലമായി നിന്ന ഈ റഫറിമാര്‍ക്കെതിരെ എന്തെങ്കിലും ചെയ്യുമെന്നാണ് പ്രതീക്ഷ. ഞങ്ങള്‍ നന്നായാണ് കളിച്ചത്. പക്ഷെ മത്സരഫലം ഈ രീതിയിലായതില്‍ തങ്ങള്‍ക്ക് രോഷവും വിഷമവുമുണ്ടെന്നും മെസി പറഞ്ഞു.

മത്സരത്തില്‍ ബ്രസീല്‍ രണ്ടാം ഗോള്‍ നേടിയത് അഗ്യൂറോയെ ഫൗള്‍ ചെയ്ത് വീഴ്ത്തിയശേഷമായിരുന്നു. കളിയില്‍ വാര്‍ അഞ്ചാം റഫറി ആയിരിക്കുമെന്നാണ് തങ്ങളോട് പറഞ്ഞതെന്ന് അഗ്യറോയും പറഞ്ഞു. എന്നാല്‍, അങ്ങിനെയൊരാളെ കണ്ടതേയില്ലെന്ന് താരം ആരോപിച്ചു. ലോകമെങ്ങുമുള്ള ഫുട്ബോള്‍ ആരാധകര്‍ ഉറ്റുനോക്കിയ മത്സരത്തില്‍ ആതിഥേയ ടീം ബ്രസീല്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.