പൊലീസിന് വിവരം നൽകിയതിന്റെ പേരിൽ അമ്മയുടെ മുന്നിലിട്ട് വിദ്യാർത്ഥിയെ വെട്ടി കഞ്ചാവ് മാഫിയ

single-img
3 July 2019

ആലപ്പുഴ: പൊലീസിന് വിവരം നൽകിയതിന്റെ പേരിൽ പതിനേഴുവയസുകാരനായ വിദ്യാർത്ഥിയെ സ്വന്തം മാതാവിന്റെ മുന്നിലിട്ട് വെട്ടിപ്പരിക്കേൽപ്പിച്ച് കഞ്ചാവ് മാഫിയ. കൃഷ്ണപുരം സ്വദേശി അഭിമന്യുവിന് ആണ് വെട്ടേറ്റത്.

അമ്മയുടെ മുന്നിലിട്ടാണ് പതിനഞ്ചിലധികം വരുന്ന സംഘം ആക്രമണം നടത്തിയത്. പരുക്കേറ്റ അഭിമന്യു വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലാണ്. പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ പുലർച്ചയോടെയായിരുന്നു സംഭവം.

കൈകളിലും ഇടതു കാലിലുമായി വടിവാളുകൊണ്ട് നാല് വെട്ടേറ്റിട്ടുണ്ട്. രണ്ടുപേര്‍ പിടിച്ചുനിര്‍ത്തി പുറംഭാഗത്തും വെട്ടി. ആഴത്തിലുള്ള അ‍ഞ്ച് മുറിവുകളാണ് വിദ്യാർത്ഥിയുടെ ശരീരത്തിലുള്ളത്. ഇതിനു പുറമേ മര്‍ദ്ദനവുമേറ്റു.

തിങ്കളാഴ്ച അര്‍ധരാത്രിയിലാണ് അമ്മയുടെ മുന്നിലിട്ട് അക്രമിസംഘം മകനെ വെട്ടിയത്. കഞ്ചാവ് മാഫിയയിലെ തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. അഭിമന്യുവിന്റെ സഹോദരൻ ശങ്കറിന് കഞ്ചാവ് മാഫിയയുമായി ബന്ധം ഉണ്ടായിരുന്നു. അടുത്തിടെ ഈ മാഫിയയിൽപ്പെട്ട ചിലരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നിൽ ശങ്കറാണെന്ന് മാഫിയ ആരോപിച്ചു. തുടർന്ന് ശങ്കറിനെ തേടി സംഘം വീട്ടിലെത്തിയ സംഘം ശങ്കറിനെ കാണാത്തതിനെ തുടർന്ന് അഭിമന്യുവിനെ മർദ്ദിക്കുകയും വെട്ടിപ്പരിക്കേല്‍പ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പ്രതികളില്‍ ചിലരെ കണ്ടാല്‍ തിരിച്ചറിയുമെന്ന് വെട്ടേറ്റ വിദ്യാര്‍ഥി പറയുന്നു. കായംകുളം ഭാഗത്ത് ഗുണ്ടാസംഘങ്ങളുടെ വിളയാട്ടം തുടര്‍ന്നിട്ടും അമര്‍ച്ചചെയ്യാന്‍ പൊലീസിനു കഴിയുന്നില്ലെന്ന വിമര്‍ശനം ശക്തമാണ്.