പൊതുനിരത്തിലെ സ്വകാര്യവാഹനവും ‘പൊതുവിട’മെന്ന് സുപ്രീം കോടതി

single-img
3 July 2019

ദില്ലി: പൊതുനിരത്തുകളിലൂടെ പോകുന്ന സ്വകാര്യ വാഹനങ്ങളും ‘പൊതുവിടം’എന്ന നിർവ്വചനത്തിൽ വരുമെന്ന് സുപ്രീം കോടതി. വാഹനത്തിനുള്ളിലിരുന്നു മദ്യപിച്ചതിനു പിടിയിലായ കാര്‍ യാത്രികന്‍റെ അപ്പീല്‍ ഹര്‍ജിയിലാണ് കോടതിയുടെ നിര്‍ണായക ഉത്തരവ്.

പൊതുസ്ഥലത്ത് അനുവദനീയമല്ലാത്തതൊന്നും സ്വകാര്യ വാഹനത്തിലും പാടില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷൺ, ജസ്റ്റിസ് കെ.എം. ജോസഫ് എന്നിവരടങ്ങുന്ന സുപ്രീം കോടതി ബെഞ്ച് ഉത്തരവിട്ടു. പൊതുനിരത്തിലെ സ്വകാര്യവാഹനത്തെ സ്വകാര്യ ഇടമായി പരിഗണിക്കാമെന്ന 1999 ലെ കേരള ഹൈക്കോടതി വിധി ദുർബലപ്പെടുത്തുന്നതാണ് സുപ്രീം കോടതിയുടെ ഈ വിധി.

2016-ൽ ജാർഖണ്ഡിൽ നിന്നു ബിഹാറിലേക്കു സ്വന്തം കാറിൽ വരുംവഴി മദ്യപിച്ച നിലയിൽ അറസ്റ്റിലായി കുറ്റം ചുമത്തപ്പെട്ടയാൾ പട്ന ഹൈക്കോടതി വിധിക്കെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ ഇടപെടൽ.

സ്വകാര്യ വാഹനത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ ഇടപെടാൻ മറ്റുള്ളവർക്ക് അവകാശമില്ലെന്നും അറസ്റ്റ് ചെയ്യപ്പെട്ട സമയത്ത് താൻ മദ്യപിക്കുകയോ മദ്യം കൈവശം വയ്ക്കുകയോ ചെയ്‍തിരുന്നില്ലെന്നുമായിരുന്നു ഹർജിക്കാരൻറെ വാദം. 

എന്നാൽ പൊതുവഴിയിലൂടെ പോകുന്ന സ്വകാര്യ വാഹനമാണെങ്കിൽ തീർച്ചയായും ഇടപെടാം ’ – കോടതി വ്യക്തമാക്കി. 2016 ലെ ബിഹാർ എക്സൈസ് ഭേദഗതി നിയമപ്രകാരം പൊതുനിരത്തിലോടുന്ന സ്വകാര്യവാഹനം പൊതുസ്ഥലത്തിന്റെ പരിധിയിൽ വരുമെന്നു കോടതി പറഞ്ഞു.