ബംഗ്ലാദേശ് പൊരുതി വീണു; ഇന്ത്യ സെമിയില്‍

single-img
2 July 2019

ലോകകപ്പ് നിർണ്ണായക മത്സരത്തിൽ ഇന്ത്യക്കെതിരെ പൊരുതി എന്ന ആശ്വാസം മാത്രം ബാക്കിയാക്കി ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 28 റണ്‍സിന്‍റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ട് വച്ച് 315 റണ്‍സ് വിജയലക്ഷ്യത്തിന് മുന്നില്‍ 286 റണ്‍സെടുക്കുമ്പോഴേക്കും ബംഗ്ലാദേശിന്‍റെ പോരാട്ടം അവസാനിക്കുകയായിരുന്നു. സെഞ്ചുറി നേടിയ രോഹിത് വീണ്ടും ഇന്ത്യന്‍ ബാറ്റിംഗിന്‍റെ നെടുംതൂണായപ്പോള്‍ നാല് വിക്കറ്റുമായി ജസ്പ്രീത് ബുമ്രയും മൂന്ന് വിക്കറ്റുമായി ഹാര്‍ദിക് പാണ്ഡ്യയും ബംഗ്ലാദേശിന്റെ പതനം എളുപ്പമാക്കി.

രണ്ടാമത് ഇന്ത്യൻസ്‌കോർ പിന്തുടരവെ ഷാക്കിബ് അല്‍ ഹസനും മുഹമ്മദ് സെെഫുദ്ദീനും ബംഗ്ലാദേശിനായി അര്‍ധ സെഞ്ചുറികള്‍ നേടിയെങ്കിലും വിജയിക്കാൻ അത് മതിയാകുമായിരുന്നില്ല. ബൗളിങ്ങിൽ മുസ്താഫിസുര്‍ അഞ്ച് വിക്കറ്റ് പ്രകടനവും കാഴ്ചവെച്ചു. മറുപടി ബാറ്റിംഗിൽ ബംഗ്ലാദേശിന് പതിഞ്ഞ തുടക്കമാണ് ലഭിച്ചത്.

ഓപ്പണിങ് ബൗളർമാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും നടത്തിയ പേസ് ആക്രമണത്തില്‍ ആദ്യ ഓവറുകളില്‍ അധികം റണ്‍സ് കണ്ടെത്താനാകാതെ വിഷമിച്ച ബംഗ്ലാദേശിന് തമീം ഇക്ബാലിന്‍റെ വിക്കറ്റ് നഷ്ടമായതാണ് ആദ്യ ആഘാതമായത്.മുഹമ്മദ് ഷമിയുടെ മുന്നില്‍ തമീമിന്‍റെ പ്രതിരോധം തകര്‍ന്നതോടെ വിക്കറ്റ് തെറിക്കുകയായിരുന്നു. തുടർന്ന് ഷാക്കിബിനൊപ്പം സൗമ്യ സര്‍ക്കാര്‍ പിടിച്ച് നില്‍ക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും അതും അധികം നീണ്ടില്ല.

പിന്നീട് എത്തിയ മുഷ്ഫിഖുര്‍ റഹീമിനും ലിറ്റണ്‍ ദാസിനും നല്ല തുടക്കം ലഭിച്ചെങ്കിലും അതും മുതലാക്കാനായില്ല. മുഷ്ഫിഖുറിനെ ചഹാലും ലിറ്റണ്‍ ദാസിനെ ഹാര്‍ദിക് പാണ്ഡ്യയും പുറത്താക്കി. ശേഷമുള്ള മൊസദെക് ഹുസെെനെ ബുമ്ര ബൗള്‍ഡും ചെയ്തതോടെ കളി ഇന്ത്യയുടെ വരുതിലായി. വീറോടെ പൊരുതി നിന്ന ഷാക്കിബിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കിയതോടെ ജയം ഇന്ത്യയുടെ പേരിൽ കുറിക്കപ്പെടുകയും ചെയ്തു.

38പന്തുകളിൽ 51 റണ്‍സുമായി സെെഫുദ്ദിന്‍ പുറത്താകാതെ നിന്നു. ബാറ്റിങ്ങിൽ പരാജയപ്പെട്ടു എങ്കിലും പന്ത് കൊണ്ട് വിസ്മയം തീര്‍ത്ത ഹാര്‍ദിക് പാണ്ഡ്യ10 ഓവറില്‍ കേവലം 60 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റുകൾ സ്വന്തമാക്കിയത്.