‘നിങ്ങള്‍ തീകൊണ്ടാണ് കളിക്കുന്നത്’; ഇറാന് മുന്നറിയിപ്പുമായി ട്രംപ്

single-img
2 July 2019

ഇറാന്‍ തീകൊണ്ട് കളിക്കുകയാണെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. 2015ലെ ആണവ കരാറില്‍ അനുവദിച്ചതിനെക്കാള്‍ യുറേനിയം തങ്ങള്‍ സമ്പുഷ്ടീകരിച്ചെന്ന് തിങ്കളാഴ്ച ഇറാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് യു.എസ് പ്രസിഡന്റിന്റെ പ്രതികരണം.

ഇറാനോട് ഒന്നും പറയാനില്ല. അവര്‍ക്കറിയാം അവരെന്താണ് ചെയ്യുന്നതെന്ന്. അവര്‍ എന്തുകൊണ്ടാണ് കളിക്കുന്നതെന്നും അവര്‍ക്കറിയാം. അത് തീക്കളിയാണ്- ട്രംപ് പറഞ്ഞു.

അതേസമയം, യു.എസ് ഉപരോധത്തോട് പ്രതികരിക്കാനുള്ള അവകാശം വിനിയോഗിക്കുക മാത്രമാണ് ഇറാന്‍ ചെയ്തിരിക്കുന്നതെന്നും നീക്കം കരാറിന്റെ ലംഘനമല്ലെന്നുമാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് ഷരീഫ് പറഞ്ഞത്.

യുദ്ധത്തിലേക്ക് പോകുന്നതില്‍ നിന്നും ഇറാനേയും യു.എസിനേയും പിന്തിരിപ്പിക്കാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ ശ്രമിക്കുന്ന വേളയില്‍ ഇറാന്റെ ഈ നീക്കം നയതന്ത്രതലത്തില്‍ വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും. ഇറാനെതിരെ വ്യോമാക്രമണത്തിലൂടെ തിരിച്ചടിക്കാന്‍ ട്രംപ് നിര്‍ദേശം നല്‍കുകയും പിന്നീട് പിന്‍വലിക്കുകയും ചെയ്ത് രണ്ടാഴ്ചയ്ക്കുള്ളിലാണ് ഇറാന്‍ യുറേനിയവുമായി ബന്ധപ്പെട്ട അവകാശവാദം നടത്തിയിരിക്കുന്നത്.