ശബരിമല : നിയമനിർമാണത്തിന് കേന്ദ്രത്തോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വിഎസ് ശിവകുമാര്‍

single-img
2 July 2019

ശബരിമലയിലെ ആചാര സംരക്ഷണത്തിന് ആവശ്യമായ നിയമം നിർമ്മിക്കാൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം സംസ്ഥാന സര്‍ക്കാര്‍ പാസാക്കണമെന്ന് വിഎസ് ശിവകുമാര്‍ എംഎൽഎ. 2019-20 സാമ്പത്തിക വര്‍ഷത്തെ ബജറ്റിനെ സംബന്ധിക്കുന്ന ധനവിനിയോഗ ബില്ലിന്‍മേലുള്ള ചര്‍ച്ചയില്‍ സംസാരിക്കുന്നതിനിടയിലാണ് ശിവകുമാർ ഇങ്ങനെ ആവശ്യപ്പെട്ടത്.

Support Evartha to Save Independent journalism

ലോക്സഭ തെരെഞ്ഞെടുപ്പിന്റെ ജനവിധി ഉള്‍ക്കൊള്ളാൻ സർക്കാർ തയ്യാറാകണമെന്നും അതിനാൽ ഈ സഭാ സമ്മേളനത്തിലോ പ്രത്യേക സമ്മേളനം വിളിച്ചോ പ്രമേയം പാസാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും ശിവകുമാർ പറഞ്ഞു.

ശബരിമലക്ഷേത്രം പൂര്‍ണമായും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലെ ക്ഷേത്രമാണ്. ശബരിമല വികസനത്തിന്റെ പേരില്‍ കമ്മറ്റികളോ അതോറിറ്റികളോ രൂപീകരിക്കാനുള്ള ശ്രമം സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോര്‍ഡിന്റെ അധികാരത്തിന്‍മേലുള്ള കടന്നു കയറ്റമാകരുതെന്നും ശിവകുമാർ ആവശ്യപ്പെട്ടു.

വിദേശ വിപണിയിലേക്കുള്ള ഉല്‍പ്പാദ-സേവന കയറ്റുമതി രംഗം തളര്‍ച്ചയെ നേരിടുകയാണ്. ദുരന്തങ്ങള്‍മൂലം ടൂറിസം മേഖല വന്‍ തകര്‍ച്ചയാണ് നേരിടുന്നത്. ഇതു പരിഹരിക്കാനുള്ള ആത്മാര്‍ഥ ശ്രമം സര്‍ക്കാരിന്റെ ഭാഗത്തു കാണുന്നില്ല. പ്രളയം ഉണക്കാത്ത മുറിവുകള്‍ നല്‍കിയെങ്കിലും വര്‍ധിത വീര്യത്തോടെ പുതിയ കേരളം കെട്ടിപ്പെടുക്കാന്‍ തയാറായ കേരള ജനതയെ പരാജയപ്പെടുത്തുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു.