നിയമസഭയിൽ ബിജെപിയുമായി സഹകരണം: ലീഗ് എംഎൽഎ ഷംസുദ്ദീൻ വിവാദത്തിൽ; അന്തർധാര സജീവമെന്ന് എൽഡിഎഫ്

single-img
2 July 2019

നിയമസഭയിൽ ബിജെപി നേതാവ് ഒ രാജഗോപാലിന് ചർച്ചക്ക് അനുവദിച്ച സമയം ചോദിച്ചുവാങ്ങി ചർച്ച നടത്തിയ മുസ്ലീം ലീഗ് എംഎൽഎ എൻ ഷംസുദ്ദീൻ വിവാദത്തിൽ. എന്നാൽ പാർലമെന്ററി പാർട്ടി ലീഡറുടെ അനുവാദത്തോടെയാണ് സമയം ചോദിച്ചുവാങ്ങിയതെന്നാണ് ഷംസുദ്ദീൻ വിശദീകരിക്കുന്നത്.

ധനവിനിയോഗ ബില്ലിന്റെ ചർച്ചയിലാണ് എൻഡിഎ പ്രതിനിധികളായ ഒ രാജഗോപാലിന്റെയും പിസി ജോർജിന്റെയും സമയം ലീഗിന്റെ എംഎൽഎ എൻ ഷംസുദ്ദീന് നൽകിയത്. ലീഗിന്റെ നടപടി നിയമസഭയിൽ ഭരണപക്ഷം ആയുധമാക്കി.ഷംസുദ്ദീന്റെ നിലപാടിൽ ലീഗ് നേതൃത്വത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.

ബിജെപിയുടെ ഒ.രാജഗോപാലിന്റെയും പി.സി.ജോർജിനേറെയും ഓരോ മിനിട്ട് ഷംസുദ്ദീന് നൽകുകയായിരുന്നു. തങ്ങളുടെ സമയം ഷംസുദ്ദീന് നൽകണമെന്ന് നിയമസഭാ സെക്രട്ടേറിയറ്റിന് പി സി ജോർജാണ് എഴുതി നൽകിയത്. ഷംസുദ്ദീൻ പ്രസംഗിക്കുമ്പോൾ എ പ്രദീപ് കുമാർ വിഷയം ഉന്നയിച്ചു.

ഷംസുദ്ദീൻ സംസാരിക്കുന്നത് എൻ ഡി എ യുടെ സമയം കൊണ്ടല്ലേയെന്നായിരുന്നു പ്രദീപ് കുമാർ ചോദിച്ചത്. എന്നാൽ മറ്റു വ്യഖ്യാനങ്ങൾ വേണ്ടെന്നും സൗഹാർദത്തിന്റെ അടിസ്ഥാനത്തിലാണ് സമയം കിട്ടിയതെന്നായിരിന്നു ഷംസുദ്ദീന്റെ വിശദീകരണം.

പിന്നാലെ ഇപി ജയരാജൻ അടക്കമുള്ളവർ സീറ്റിൽ നിന്നും എഴുന്നേറ്റ് സംസാരിക്കാൻ തുടങ്ങി. ടിവി രാജേഷ്, എം സ്വരാജ് എന്നിവര്‍ ഷംസുദ്ദീന് എതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തി. ബിജെപിയുടെ വോട്ട് വാങ്ങി ജയിച്ചവര്‍ സഭയില്‍ അവരുടെ സമയവും ചോദിച്ചു വാങ്ങുന്നു എന്ന് ടിവി രാജേഷ് പറഞ്ഞു. പ്രകടമായി അകലം പാലിക്കുമ്പോഴും അന്തര്‍ധാര സജീവമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.

പിടി തോമസും ഒ രാജഗോപാലും ഒക്കെ പലപ്പോഴും ഒരുമിച്ചാണ് സഭയില്‍ വോക്കൗട്ട് നടത്തുക എന്നും അതിന്റെ തുടര്‍ച്ചയാണോയെന്നും എം സ്വരാജ് ചോദിച്ചു. എന്‍ഡിഎ അംഗങ്ങളുടെ സമയം ചോദിച്ചു വാങ്ങിയ നടപടിയില്‍ ലീഗിനകത്തും അമര്‍ഷമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.