ഭാര്യ ചതിക്കുന്നുവെന്ന് സംശയം; പ്രവാസി കുടുംബത്തിലെ ഒന്‍പത് പേരെ കൊന്ന് വീടിന് തീയിട്ടു

single-img
2 July 2019

ഭാര്യ തന്നെ ചതിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്ന് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന പാക്കിസ്ഥാന്‍ സ്വദേശി, ഭാര്യ ഉള്‍പ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെ കൊന്നുതള്ളി. പാക്കിസ്ഥാനിലെ മുള്‍ട്ടാനിലാണ് സമാനതകളില്ലാത്ത ക്രൂരത അരങ്ങേറിയത്.

ഭാര്യയെ കൂടാതെ മക്കള്‍, ഭാര്യാ മാതാവ്, ഭാര്യയുടെ സഹോദരിമാര്‍ എന്നിവരെയാണ് അജ്മല്‍ എന്നയാള്‍ കൊലപ്പെടുത്തിയത്. ഞായറാഴ്ചയാണ് ക്രൂരകൃത്യം അരങ്ങേറിയത്. അഞ്ചു പേരെ വെടിവെച്ച് കൊലപ്പെടുത്തിയ അജ്മലും പിതാവും ചേര്‍ന്ന് ഭാര്യ വീട്ടിന് തീയിടുകയും ചെയ്തുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

പ്രതി ആദ്യം ഭാര്യ കിരണിനു നേരെയാണ് നിറയൊഴിച്ചതെന്ന് പൊലീസ് പറഞ്ഞു. ഈ സമയം കിരണിനെ രക്ഷിക്കാന്‍ മുന്നോട്ടുവന്ന ഭാര്യാമാതാവിനും സഹോദരിമാര്‍ക്കും നേരെയും അജ്മല്‍ വെടിയുതിര്‍ത്തു. വീടിന് പുറത്ത് വന്നവര്‍ക്ക് നേരെയും പ്രതിയും ഇയാളുടെ പിതാവും വെടിയുതിര്‍ത്തുവെന്നും പൊലീസ് അറിയിച്ചു. പ്രതി അജ്മല്‍ ഇയാളുടെ പിതാവ്, സഹോദരന്‍ എന്നിവരെ അറസ്റ്റ് ചെയ്തുവെന്ന് മുള്‍ട്ടാന്‍ സിറ്റി പൊലീസ് ഓഫീസര്‍ ഇമ്രാന്‍ മെഹമ്മൂദ് മാധ്യമങ്ങളെ അറിയിച്ചു.

സൗദിയില്‍ തയ്യല്‍ക്കാരനായി ജോലി ചെയ്യുന്ന അജ്മല്‍ ഏതാനും ദിവസം മുന്‍പാണ് മുള്‍ട്ടാനില്‍ എത്തിയത്. താന്‍ സൗദിയില്‍ ആയതിനാല്‍ ഭാര്യ കിരണ്‍ ചതിക്കുന്നുവെന്ന സംശയം ഇയാള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സംശയമാണ് പ്രതിയെ പ്രകോപിപ്പിച്ചതും ക്രൂരകൃത്യത്തിന് കാരണമായതും എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.

പിതാവിനും സഹോദരനും ഒപ്പമാണ് ഭാര്യവീട്ടില്‍ ഇയാള്‍ എത്തിയത്. തുടര്‍ന്ന് വാക്കു തര്‍ക്കം ഉണ്ടാവുകയും വെടിയുതിര്‍ക്കുകയുമായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഭാര്യ, ഭാര്യ മാതാവ്, രണ്ട് സഹോദരിമാര്‍, എന്നിവരെ അജ്മല്‍ വെടിവെച്ചു കൊന്നു. ഇവര്‍ സംഭവ സ്ഥലത്തുവച്ച് തന്നെ മരിക്കുകയും ചെയ്തു.

ഭാര്യാ പിതാവ്, ഭാര്യാ സഹോദരന്‍ എന്നിവര്‍ക്ക് വെടിവയ്പ്പില്‍ ഗുരുതരമായി പരുക്ക് പറ്റി. ഇയാള്‍ വെടിയുതിര്‍ക്കുന്ന സമയത്ത് ഒപ്പമുണ്ടായിരുന്ന പിതാവും സഹോദരനും വീട്ടിലെ മറ്റുള്ളവരെ ഒരു മുറിയില്‍ പൂട്ടിയിടുകയും വീടിന് തീവയ്ക്കുകയും ചെയ്തു. അജ്മലിന്റെ രണ്ടുമക്കളും മറ്റു രണ്ടു സ്ത്രീകളും പൊള്ളലേറ്റാണ് മരിച്ചത്. എട്ടു പേര്‍ സംഭവ സ്ഥലത്ത് വച്ചും ഗുരുതരമായി പരുക്ക് പറ്റിയ ഒരാള്‍ നിഷാന്തര്‍ ആശുപത്രിയിലും വച്ചാണ് മരിച്ചത്.