കുവൈത്തിലെ പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി; ആയിരങ്ങള്‍ക്ക് ജോലി നഷ്ടമാകും

single-img
2 July 2019

സ്വദേശിവത്കരണം കടുപ്പിക്കാനുള്ള തീരുമാനത്തില്‍ കുവൈത്ത്. അടുത്ത സാമ്പത്തിക വര്‍ഷം പൊതുമേഖലയില്‍ നിന്ന് മൂവായിരം വിദേശികളെ ഒഴിവാക്കാനാണ് നീക്കം. ഇക്കാര്യത്തില്‍ മന്ത്രിസഭയുടെ പൂര്‍ണ പിന്തുണയോടെയാണ് സിവില്‍ സര്‍വീസ് കമ്മീഷന്റെ നടപടി.

അഡ്മിനിസ്‌ട്രേറ്റീവ് ജോലികളുള്ള വിദേശികളെ ഒഴിവാക്കി സ്വദേശികളെ നിയമിക്കാനാണ് ഉത്തരവ്. പട്ടിക തയ്യാറാക്കാന്‍ സിവില്‍ സര്‍വ്വീസ് കമ്മീഷന്‍ വിവിധ മന്ത്രാലയങ്ങളോട് ആവശ്യപ്പെട്ടു. അതേസമയം വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നും അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ പിരിച്ചു വിടുന്ന വിദേശി ജീവനക്കാരുടെ പട്ടിക തയ്യാറായതായാണ് റിപ്പോര്‍ട്ട്.

സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുന്ന ‘ഇഹ്‌ലാല്‍’ പദ്ധതിയുടെ ഭാഗമായാണ് പട്ടിക തയ്യാറാക്കിയത്. അഞ്ചുവര്‍ഷം കൊണ്ട് പൊതുമേഖലയില്‍ 100 ശതമാനം സ്വദേശിവത്കരണം നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഇഹ്‌ലാല്‍’ എന്ന പേരില്‍ പ്രത്യേക പദ്ധതി ആരംഭിച്ചത്.

എല്ലാ സര്‍ക്കാര്‍ വകുപ്പുകളും ഒഴിവാക്കേണ്ട വിദേശി ജീവനക്കാരുടെ പട്ടിക സിവില്‍ സര്‍വിസ് കമീഷന് സമര്‍പ്പിക്കണമെന്നാണ് കാബിനറ്റ് നിര്‍ദേശം. ഇതനുസരിച്ചാണ് അഡ്മിനിസ്‌ട്രേറ്റിവ്, കണ്‍സല്‍ട്ടന്റ്, അധ്യാപകര്‍ എന്നിവരുള്‍പ്പെടെയുള്ള പട്ടിക വിദ്യാഭ്യാസ മന്ത്രാലയം തയാറാക്കിയത്.

പിരിച്ചു വിടുന്ന വിദേശികളെ ആനുകൂല്യങ്ങള്‍ നല്‍കി സ്വന്തം നാടുകളിലേക്ക് തിരിച്ചയക്കാനാണ് പദ്ധതി. സമ്പൂര്‍ണ സ്വദേശിവല്‍ക്കരണം ലക്ഷ്യമിട്ടു നടപ്പാക്കിയ ഇഹലാല്‍ പദ്ധതി കാര്യക്ഷമമായി മുന്നോട്ടു പോകുന്നതായാണ് അധികൃതരുടെ വിലയിരുത്തല്‍. പദ്ധതി പൂര്‍ത്തിയാകുന്നതോടെ അഞ്ച് വര്‍ഷത്തിനിടയില്‍ 41000 വിദേശികള്‍ക്കു സേവനം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങേണ്ടി വരും.