പതിനൊന്നു വയസുകാരിയെ പീഡിപ്പിച്ച ‘ആയിരം പെങ്ങന്മാരുടെ ആങ്ങള’ അറസ്റ്റിൽ

single-img
2 July 2019

ഭോപ്പാൽ: പതിനൊന്നു വയസുകാരിയെ ബലാത്സംഗം ചെയ്ത ‘ആയിരം പെങ്ങന്മാരുടെ ആങ്ങള’ അറസ്റ്റിൽ. മധ്യപ്രദേശിലെ ബെതുൽ ടൗണിലാണു കെന്ദു ബാബ എന്നറിയപ്പെടുന്ന രാജേന്ദ്ര സിങിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

Support Evartha to Save Independent journalism

ഒരു ഊമക്കത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാൾ പൊലീസ് കസ്റ്റ‍ഡിയിലാകുന്നത്.

ബെതുൽ മുനിസിപ്പാലിറ്റിയിലെ ജാകിർ ഹുസൈൻ വാർഡിലെ മെമ്പർ ആയ രാജേന്ദ്ര സിങ് സ്വയം വിശേഷിപ്പിക്കുന്നത് ‘ആയിരം പെങ്ങന്മാരുടെ ആങ്ങള’യെന്നാണ്. രക്ഷാബന്ധൻ ദിവസം ആയിരത്തോളം പെൺകുട്ടികളാണ് ഇയാളുടെ അടുത്ത് രാഖി കെട്ടാൻ എത്തുന്നത്. രാഖി കെട്ടുന്നതിനൊപ്പം സമ്മാനങ്ങളും ഇയാൾ നൽകാറുണ്ട്.

ഒരു വർഷത്തോളമാണ് പതിനൊന്നുകാരിയെ ഇയാൾ പീഡിപ്പിച്ചത്. പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഇവിടുത്തെ ജനപ്രതിനിധി കൂടിയായ രാജേന്ദ്ര സിങ് കുട്ടിയെ പേടിപ്പിച്ചിരുന്നു. എന്നാൽ മാർച്ചിൽ പെൺകുട്ടിയുടെ മാതാവ് വിവരം അറിയുകയും ചോദിക്കാൻ സിങ്ങിന്റെ വീട്ടിലെത്തുകയും ചെയ്തു. ഇവരെയും ഭീഷണിപ്പെടുത്തി നിശബ്ദയാക്കുകയായിരുന്നു ഇയാൾ.

തുടർന്നാണ് സംഭവം ചൂണ്ടിക്കാട്ടി ഒരാൾ പൊലീസിന് ഊമക്കത്ത് അയയ്ക്കുന്നത്. പൊലീസെത്തി ചോദ്യം ചെയ്തതോടെ പെൺകുട്ടി സംഭവങ്ങൾ തുറന്നു പറഞ്ഞു. പിന്നാലെ പൊലീസ് രാജേന്ദ്ര സിങ്ങിനെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാളെ അറസ്റ്റു ചെയ്യാൻ പൊലീസെത്തിയപ്പോൾ സ്ഥലത്ത് ചെറിയ തോതിൽ സംഘർഷം ഉണ്ടായിരുന്നു. പിറ്റേന്ന് ഇയാൾ നേരിട്ടെത്തി കീഴടങ്ങുകയായിരുന്നുവെന്ന് സ്റ്റേഷൻ ഇൻ ചാർജ് മോട്ടിലാല്‍ കുശ്‌വാഹ പറഞ്ഞു.