കെഎസ്ആര്‍ടിസിയിലെ പ്രതിസന്ധി; പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തിരിച്ചെടുക്കാന്‍ തീരുമാനം

single-img
1 July 2019

2107 താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കിയത് വഴി കെഎസ്ആർടിസി അഭിമുഖീകരിച്ച താൽക്കാലിക പ്രതിസന്ധിക്ക് പരിഹാരമായി . ഇപ്പോൾ പിരിച്ചുവിട്ട എംപാനല്‍ ഡ്രൈവര്‍മാരെ ദിവസ വേതനാടിസ്ഥാനത്തില്‍ തിരിച്ചെടുക്കാൻ ഗതാഗത സെക്രട്ടറിയും കെഎസ്ആർടിസി ഉദ്യോഗസ്ഥരുമായുള്ള യോഗത്തിൽ തീരുമാനമായി. ഹൈക്കോടതി വിധിയെ തുടര്‍ന്നായിരുന്നു കെഎസ്ആർടിസി 2107 താത്കാലിക ഡ്രൈവര്‍മാരെ പുറത്താക്കിയത്.

ഡ്രൈവർമാർ ആവശ്യത്തിന് ഇല്ലാതെ വരികയും സർവീസുകൾ മുടങ്ങുകയും ചെയ്ത സാഹചര്യത്തിൽ പ്രശ്‌ന പരിഹാരത്തിന് കെഎസ്ആർടിസി മാനേജ്‌മെന്റ് ഗതാഗത സെക്രട്ടറിയുമായി ചര്‍ച്ച നടത്തുകയായിരുന്നു. ഹൈക്കോടതി വിധി പ്രകാരം പിരിച്ചുവിട്ട എം പാനല്‍ ഡ്രൈവര്‍മാര്‍ക്ക് പകരമായി ആവശ്യാനുസരണം ഡ്രൈവര്‍മാരെ ദിവസ വേതന പ്രകാരം ഡിപ്പോ അടിസ്ഥാനത്തില്‍ നിയമിക്കും. നിലവിൽ അഞ്ച് വര്‍ഷമോ അതില്‍ കൂടുതലോ പ്രവര്‍ത്തി പരിചയമുള്ളവരെയാണ് ദിവസ വേതനത്തിന് നിയമിക്കുക.

ഇതിൽ പ്രവൃത്തിപരിചയം കൂടുതലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. നാളെമുതൽ തന്നെ പുനര്‍ നിയമനം നല്‍കാനാണ് യോഗത്തില്‍ തീരുമാനമായത്. ഡ്രൈവർമാർ ഇല്ലാതിരുന്നതിനെ തുടർന്ന് ഇന്ന് സംസ്ഥാനത്ത് 390 സര്‍വീസുകള്‍ കെഎസ്ആർടിസി റദ്ദാക്കിയിരുന്നു. അതിൽ തെക്കന്‍ മേഖലയിലാണ് പ്രതിസന്ധി രൂക്ഷം. അവിടെ 293 സര്‍വീസുകള്‍ മുടങ്ങി. വടക്കന്‍- മധ്യമേഖലകളിൽ യഥാക്രമം 68, 29 സര്‍വീസുകള്‍ വീതം റദ്ദാക്കി.