ശാസ്താംകോട്ടയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി

single-img
1 July 2019

കൊല്ലം ശാസ്താംകോട്ടയിൽ പ്രണയം നിരസിച്ചതിന് പെൺകുട്ടിയെ യുവാവ് വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു. ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കുത്തിയത്. പെൺകുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ട്.

പുലർച്ചെ രണ്ടുമണിയോടുകൂടി പെൺകുട്ടിയുടെ വീടിന്റെ ഓടിളക്കി അകത്തുകടന്ന അനന്തു കുട്ടിയെ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. മൂന്ന് തവണ പെൺകുട്ടിക്ക് കുത്തേറ്റുവെന്നാണ് വിവരം. പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാർ എത്തിയപ്പോഴേക്കും അനന്തു ഓടി രക്ഷപ്പെട്ടു.

ആദ്യം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ പരിക്ക് ഗുരുതരമായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്യുകയായിരുന്നു. നേരത്തേമുതൽ പെൺകുട്ടിയെ അനന്തു ശല്യം ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്. പ്രണയാഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി അത് നിരസിച്ചു. ഇതേതുടർന്നാണ് ഇയാൾ അക്രമം നടത്തിയതെന്നാണ് വിവരം.