ആർട്ടിക്കിൾ 15: ജാതിയുടെ വടക്കൻ യാഥാർത്ഥ്യങ്ങൾ

single-img
1 July 2019

കുടുംബത്തിലുള്ള ഒരാൾ തീവ്രവാദിയായതിന്റെ പേരിൽ ഒരു മുസ്ലീം കുടുംബം അനുഭവിക്കേണ്ടി വരുന്ന ദുരിതങ്ങളെ വരച്ചുകാട്ടിയ മുൽക്ക് എന്ന സിനിമയ്ക്ക് ശേഷം അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന സിനിമയാണ് ആർട്ടിക്കിൾ 15.

ആർട്ടിക്കിൾ 15 പൊതുവേ വിലയിരുത്തപ്പെട്ടതുപോലെ അത് 2014-ൽ ഉത്തർപ്രദേശിലെ ബദായൂമിൽ നടന്ന കൂട്ടബലാൽത്സംഗത്തിന്റെ മാത്രം കഥയല്ല. 2014-നു ശേഷം ഇന്നേവരെ നാം കണ്ട രാഷ്ട്രീയ മാറ്റങ്ങളുടെയും അത് ദളിത്-പിന്നോക്ക വിഭാഗങ്ങളെ എപ്രകാരം ബാധിച്ചുവെന്നതിന്റെയും ഒരു രത്നച്ചുരുക്കം കൂടിയാണ്.

ഒരു തുകൽ ഫാക്ടറിയിൽ ജോലി ചെയ്യുന്ന രണ്ട് പെൺകുട്ടികളെ കാണാതാകുകയും പിന്നീട് അവരുടെ മൃതദേഹങ്ങൾ ഒരു മാവിൻകൊമ്പിൽ തൂക്കിയിട്ട നിലയിൽ കണ്ടെത്തുകയും ചെയ്യുന്നതിനിടയിലുള്ള ഒരു മഞ്ഞ് വീഴുന്ന ശൈത്യകാലരാത്രിയിലാണ് അയൻ രഞ്ജൻ എന്ന ഐപിഎസ് ഓഫീസർ (ആയുഷ്മാൻ ഖുറാന) ഉത്തർ പ്രദേശിലെ ആ ഗ്രാമത്തിൽ ചാർജ്ജെടുക്കുന്നത്. അർബൻ സാഹചര്യങ്ങളിൽ നിന്നും വരുന്ന , ഡൽഹി സെന്റ് സ്റ്റീഫൻസ് കോളജിലും ലണ്ടനിലുമൊക്കെ പഠിച്ച അയന് മനസിലാകാത്ത പലതും ആ ഗ്രാമത്തിൽ നടക്കുന്നുണ്ടായിരുന്നു. അവിടുത്തെ സാമൂഹ്യ വ്യവസ്ഥയുടെ ‘സന്തുലനം’ തകർത്തുകൊണ്ട് ഈ നാട്ടുനടപ്പുകളിൽ അയൻ എന്ന സ്റ്റെഫേനിയൻ ഇടപെടുന്നതോടെയാണ് സിനിമ മുന്നോട്ട് നീങ്ങുന്നത്.

ഉനയിലെ ദളിത് മർദ്ദനം മുതൽ മാൻഹോളിൽ സുരക്ഷയില്ലാതെ ഇറങ്ങി വൃത്തിയാക്കുന്നതു വരെ ദളിത് സമൂഹവുമായി ബന്ധപ്പെട്ട സമകാലീന രാഷ്ട്രീയ വിഷയങ്ങളിൽ പലതും ഈ സിനിമയിൽ ചർച്ചയാകുന്നുണ്ട്. ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ അനുസ്മരിപ്പിക്കുന്ന മുഹമ്മദ് സീഷൻ അയ്യൂബ് അവതരിപ്പിക്കുന്ന നിഷാദ് എന്ന കഥാപാത്രവും യോഗി ആദിത്യനാഥിനോട് സാമ്യമുള്ള മഹന്ത്ജി എന്ന കഥാപാത്രവും ശ്രദ്ധേയമാണ്. ദലിത്-ബ്രാഹ്മണ ഐക്യം എന്ന പേരിൽ പന്തിഭോജന പ്രഹസനങ്ങൾ നടത്തുന്ന സന്യാസിയായ രാഷ്ട്രീയക്കാരനാണ് മഹന്ത്ജി.

ഇത്തരം രാഷ്ട്രീയം പറയുന്ന സാധാരണ ഓഫ്ബീറ്റ് സിനിമകളിൽ നിന്നും വ്യത്യസ്തമായി തികച്ചും കൊമേഴ്സ്യൽ രീതിയിലാണ് അനുഭവ് സിൻഹ ഈ സിനിമയെ സമീപിച്ചിരിക്കുന്നത്. ഒരുപക്ഷേ ആരക്ഷൺ. ചക്രവ്യൂഹ് തുടങ്ങിയ കൊമേഴ്സ്യൽ സിനിമകളിലൂടെ പ്രകാശ് ഝാ സ്വീകരിച്ച സമീപനം തന്നെയാണ് ഈ സിനിമയിലും കാണുവാൻ കഴിയുക. റെട്ടറിക്കുകളും മാസ് ഡയലോഗുകളും ഒട്ടും മുഴച്ചുനിൽക്കാതെതന്നെ തിരക്കഥയിൽ ചേർത്തുവെയ്ക്കുന്നതിലൂടെ ഏറ്റവും സാധരണക്കാരനിലേയ്ക്കുവരെ സിനിമയുടെ രാഷ്ട്രീയ സന്ദേശം എത്തിക്കുവാൻ ഈ രീതിയിലൂടെ സാധിക്കും.

ദളിതരെ രക്ഷിക്കുവാനെത്തുന്ന ബ്രാഹ്മണ രക്ഷകനായി നായകനെ അവതരിപ്പിക്കുന്നു എന്ന കാര്യം ഒരു വിമർശനമായി പലരും അവതരിപ്പിച്ചിട്ടുണ്ട്. ഒന്നാമതായി ഈ സിനിമയിലെ നായാൻ അത്തരത്തിലൊരു രക്ഷകനൊന്നുമല്ല. അയാൾ എല്ലാ പ്രിവിലജുകളുടെയും മുകളിൽ നിന്നുകൊണ്ട് നിരീക്ഷിക്കുന്ന കാര്യങ്ങൾ അയാളുടെ ഉള്ളിലെ മനുഷ്യത്വത്തെ പിടിച്ചുലയ്ക്കുമ്പോൾ അയാൾ അതിലൊക്കെ ഇടപെട്ടുപോകുകയാണ്. രണ്ട്, സംവിധായകന്റെ തന്നെ അഭിപ്രായത്തിൽ പ്രിവിലജ് ഉള്ളവരാണ് പ്രിവിലജിനെ ചലഞ്ച് ചെയ്യേണ്ടത്.

മികച്ച കാസ്റ്റിംഗും ശക്തമായ തിരക്കഥയും കുറ്റമറ്റ സംവിധാനവും സിനിമയെ സാങ്കേതികമായി മികച്ചതാക്കിയിരിക്കുന്നു. ശൈത്യകാലത്തിലെ ഉത്തർപ്രദേശ് ഗ്രാമത്തിന്റെ വൈഡ് ആങ്കിൾ ദൃശ്യങ്ങൾ ക്യാമറയിലൂടെ നമുക്ക് അനുഭവവേദ്യമാക്കുന്നത് ഇവാൻ മുള്ളിഗൻ എന്ന ബ്രിട്ടീഷ് സിനിമാട്ടോഗ്രാഫർ ആണ്.

ആയുഷ്മാൻ ഖുറാൻ നല്ല പ്രകടനം കാഴ്ചവെയ്ക്കുന്നുണ്ടെങ്കിലും അദ്ദേഹത്തേക്കാൾ മികച്ചുനിൽക്കുന്നത് ബ്രഹ്മദത്ത് എന്ന പൊലീസുകാരനെ അവതരിപ്പിച്ച മനോജ് പഹ്വയുടെയും ജാടവ് എന്ന ദളിത് പൊലീസ് ഓഫീസറെ അവതരിപ്പിച്ച കുമുദ് മിശ്രയുടെയും അഭിനയമായിരുന്നു. ഗൌര എന്ന ദളിത് യുവതിയുടെ വേഷം അവതരിപ്പിച്ച സായനി ഗുപ്തയും പണിക്കർ എന്ന സിബിഐ ഓഫീസറെ അവതരിപ്പിച്ച നാസറും എല്ലാം മികച്ചുനിന്നു എന്ന് പറയേണ്ടിവരും.