തിരുവനന്തപുരത്തെത്തിയ വിദേശ വനിതയെ കാണാനില്ല; പൊലീസ് അന്വേഷണം ഊര്‍ജിതം

single-img
30 June 2019

തിരുവനന്തപുരത്തെത്തിയ ജർമൻ യുവതിയെ കാണാനില്ലന്ന് പരാതി. മാർച്ചിൽ കേരളത്തിലെത്തിയ ലിസ വെയ്സ് എന്ന യുവതിയെപ്പറ്റി പിന്നീട് ഒരു വിവരവുമില്ലെന്ന് മാതാവ് ജർമ്മൻ കോൺസലേറ്റിൽ നൽകിയ പരാതി ഡി.ജി.പിക്ക് ലഭിച്ചു. സംഭവത്തിൽ വലിയതുറ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

31കാരിയയ ലിസ വെയ്സ എന്ന യുവതിയ്ക്കായാണ് അന്വേഷണം തുടങ്ങിയിരിക്കുന്നത്. മാർച്ച് 5 ന് ജർമ്മനിയിൽ നിന്ന് പുറപ്പെട്ട ശേഷം മൂന്നര മാസം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ലന്ന് കാണിച്ച് കഴിഞ്ഞ ദിവസമാണ് ഇവരുടെ മാതാവ് ജർമ്മൻ കോൺസുലേറ്റിൽ പരാതി നൽകിയത്.

കേരളത്തിലെത്തിയ ശേഷം ഫോൺ വിളിയോ മറ്റ് വിവരങ്ങളൊ ഇല്ലെന്നും  പരാതിയിൽ പറയുന്നു. കോൺസുലേറ്റിൽ നിന്ന് ഡി.ജി.പി ലോക് നാഥ് ബെഹ്റക്ക് പരാതി കൈമാറിയപ്പോഴാണ് പൊലീസ് സംഭവം അറിയുന്നതും അന്വേഷണം തുടങ്ങിയതും.

അമൃതപുരിയിൽ പോകാനുള്ള വിലാസമാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നതെന്ന് പൊലീസ് പറയുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന യുഎസ് പൗരൻ മുഹമ്മദലി നാട്ടിലേക്ക് മടങ്ങിയെന്നും പൊലീസ് അറിയിച്ചു. തിരുവനന്തപുരത്തെത്തിയ ലിസ അമൃതപുരിയിലേക്ക് പോയിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് പരിശോധിക്കുന്നുണ്ട്. സുഹൃത്ത് മുഹമ്മദലിയുമായി സംസാരിക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്.

കഴിഞ്ഞ വർഷം കോവളത്തെത്തിയ ലാത്വിയൻ യുവതിയെ കാണാതായ ശേഷം കൊല്ലപ്പെടനിടയായത് പൊലീസ് വീഴ്ചയെന്ന ആരോപണം ഉയർന്നിരുന്നു. അതിനാൽ ശംഖുമുഖം എ.സി.പി ഇളങ്കോയുടെ നേതൃത്വത്തിൽ സമഗ്ര അന്വേഷണം തുടങ്ങി.