ഖത്തറില്‍ കൂടുതല്‍ യുദ്ധവിമാനങ്ങള്‍ വിന്യസിച്ച് യു.എസ്.

single-img
30 June 2019


ഇറാനുമായുള്ള സംഘര്‍ഷം മൂര്‍ച്ഛിച്ചിരിക്കെ ഖത്തറില്‍ എഫ് -22 സ്റ്റെല്‍ത്ത് വിമാനങ്ങള്‍ വിന്യസിച്ച് അമേരിക്കയുടെ സുപ്രധാന നീക്കം. ഖത്തറിന്റെ തലസ്ഥാനമായ ദോഹയ്ക്ക് സമീപമുള്ള അല്‍ ഉദൈദ് വ്യോമത്താവളത്തിലാണ് എഫ്-22 വിമാനങ്ങള്‍ വിന്യസിച്ചത്.

റഡാറുകളുടെ കണ്ണുവെട്ടിക്കാന്‍ ശേഷിയുള്ളവയാണ് ഈ വിമാനങ്ങള്‍. മേഖലയില്‍ തങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് യുദ്ധവിമാനങ്ങള്‍ വിന്യസിച്ചിരിക്കുന്നതെന്നാണ് അമേരിക്കന്‍ വ്യോമസേന സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചത്.

അതേസമയം, എത്ര വിമാനങ്ങളാണ് വിന്യസിച്ചതെന്ന വിവരം സൈന്യം വ്യക്തമാക്കിയില്ല. ഖത്തറിലെ അല്‍ ഉദൈദ് വ്യോമത്താവളത്തില്‍ പറക്കുന്ന അഞ്ച് എഫ്-22 വിമാനങ്ങളുടെ ചിത്രവും സൈന്യം പുറത്തുവിട്ടിട്ടുണ്ട്. യു.എ.ഇ. തീരത്തും ഒമാന്‍ ഉള്‍ക്കടലിലുമായി കപ്പലുകള്‍ ആക്രമിക്കപ്പെട്ട സംഭവങ്ങളോടെയാണ് പശ്ചിമേഷ്യയില്‍ യു.എസ്. നിരീക്ഷണം ശക്തമാക്കിയത്.

സംഭവങ്ങള്‍ക്കുപിന്നില്‍ ഇറാനെന്നാണ് യു.എസിന്റെ ആരോപണം. യു.എസിന്റെ നിരീക്ഷണ ഡ്രോണ്‍ ഇറാന്‍ വെടിവെച്ചുവീഴ്ത്തിയതോടെ പ്രതിസന്ധി യുദ്ധത്തിന്റെ വക്കോളമെത്തിയിരുന്നു.