പൊലീസുകാര്‍ ഒറ്റയാള്‍ പട്ടാളമല്ല: തെറ്റ് ചെയ്താല്‍ കര്‍ശന നടപടിയെന്നും മുഖ്യമന്ത്രി

single-img
30 June 2019

തിരുവനന്തപുരം: പൊലീസില്‍ സാരമായ മാറ്റം വരുത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനം ഇനി മുതല്‍ പൊലീസ് സേനയ്ക്ക് നല്‍കുമെന്നും പഴയ പൊലീസ് മുഖം മാറ്റാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി തൃശ്ശൂരില്‍ പറഞ്ഞു. കോസ്റ്റല്‍ പൊലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ സംസാരിയ്ക്കുകയായിരുന്നു മുഖ്യമന്ത്രി.

അനേകായിരം വ്യത്യസ്ത വ്യക്തിത്വങ്ങള്‍ ജോലിചെയ്യുന്ന സേനയാണ് പൊലീസ്. സേനാംഗങ്ങളില്‍ ചിലര്‍ക്കു പ്രത്യേക മാനസികാവസ്ഥകളുണ്ടാകാം. ഒറ്റപ്പെട്ട ഇത്തരം വ്യക്തികളുടെ മാനസികാവസ്ഥ അതേപടി പ്രകടിപ്പിക്കാന്‍ സേനയില്‍ സാഹചര്യമുണ്ടാകാന്‍ പാടില്ല.

കാരണം, പൊലീസ് സേനാംഗങ്ങള്‍ ഒറ്റയാള്‍ പട്ടാളങ്ങളല്ല. പലവിധ നിയന്ത്രണങ്ങള്‍ക്കു വിധേയമായി മാത്രമേ ഏതൊരു പൊലീസ് ഉദ്യോഗസ്ഥനും സേനയില്‍ പ്രവര്‍ത്തിക്കാനാകൂ. തങ്ങളുടെ കര്‍ത്തവ്യം കാര്യക്ഷമമായി നിര്‍വഹിക്കുമ്പോള്‍ തെറ്റായ പ്രചാരണങ്ങളും കുറ്റപ്പെടുത്തലുകളും ഉണ്ടായെന്നുവരാം.

അവയ്ക്കു പിന്നാലെ പോയി ആത്മാര്‍ഥതയുള്ള ഒരു പൊലീസ് ഉദ്യോഗസ്ഥനെയും ക്രൂശിക്കുന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ല. തെറ്റുചെയ്യുന്നവര്‍ക്ക് ഇതു ബാധകമല്ലെന്ന പൊതുബോധം എല്ലാവര്‍ക്കുമുണ്ടാകണം മുഖ്യമന്ത്രി പറഞ്ഞു.

പീരുമേട് കസ്റ്റഡിമരണം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസം വായ്പാതട്ടിപ്പു കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത നെടുങ്കണ്ടം സ്വദേശി കുമാര്‍ റിമാന്‍ഡില്‍ മരണപ്പെട്ടിരുന്നു.

പൊലീസിന്റെ ക്രൂരമര്‍ദനം ഇയാള്‍ക്ക് ഏറ്റിട്ടുണ്ടെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്. കൈക്കൂലി കൊടുക്കാത്തതിനു മകനെ പൊലീസ് കൊന്നെന്നാണ് കുമാറിന്റെ അമ്മ കസ്തൂരിയുടെ വെളിപ്പെടുത്തല്‍.