നെടുങ്കണ്ടം കസ്റ്റഡി മരണം: സ്റ്റേഷന്‍ രേഖകള്‍ തിരുത്തിയെന്ന് കണ്ടെത്തല്‍; കേസ് അട്ടിമറിക്കാന്‍ ശ്രമം

single-img
30 June 2019

പീരുമേട്ടിൽ കസ്റ്റഡി മരണത്തിൽ കേസ് അട്ടിമറിക്കാൻ പോലീസ് നീക്കം നടന്നു എന്ന് വ്യക്തമാകുന്ന തെളിവുകൾ പുറത്ത്‌. ഈ മാസം 13-ന് രാജ്കുമാറിന് ജാമ്യം ലഭിച്ചുവെന്നതിന്റെ രേഖ നെടുങ്കണ്ടം സ്റ്റേഷനിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്തത് വനിതാ പൊലീസാണെന്നും ജൂണ്‍ 13ന് ജാമ്യം നല്‍കിയെന്നുമാണ് രേഖകളിൽ പൊലീസ് പറയുന്നത്. കേസിൽ നിന്ന് തലയൂരാന്‍ പോലീസ് തയ്യാറാക്കിയ വ്യാജരേഖയാണിതെന്നാണ് ക്രൈംബ്രാഞ്ചിന്റെ അനുമാനം.

രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത ദിവസം മുതലുള്ള രേഖകള്‍ തിരുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. രാജ്കുമാറിന്‍റെ കുടുംബത്തിന്‍റെ അടക്കമുള്ള മൊഴികളും സ്റ്റേഷനിലെ രേഖകളും തമ്മില്‍ വൈരുദ്ധ്യമുണ്ടെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്. രണ്ട് ജീപ്പ് പൊലീസെത്തിയാണ് രാജ്കുമാറിനെ പിടികൂടിയതെന്നായിരുന്നു ദൃക്സാക്ഷി ആലീസിന്‍റെ വെളിപ്പെടുത്തല്‍. നെടുങ്കണ്ടം പൊലീസ് രേഖകളില്‍ ഇക്കാര്യം മറച്ചുവച്ചുവെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. നെടുങ്കണ്ടം സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും ഹാര്‍ഡ് ഡിസ്കും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു.

ജൂൺ 15-ന് കസ്റ്റഡിയിലെടുത്തെന്നും 16-നാണ് രാജ്കുമാറിനെ അറസ്റ്റ് ചെയ്തതെന്നുമാണ് പോലീസ് ആദ്യം പറഞ്ഞിരുന്നത്. പിന്നീട് നാട്ടുകാരുടെയടക്കം വെളിപ്പെടുത്തൽ വന്നതോടെ 12-ന് ഇയാളെ കസ്റ്റഡിയിലെടുത്തെന്ന് പോലീസ് സമ്മതിക്കുകയായിരുന്നു.

കസ്റ്റഡി കൊലപാതകത്തിനൊപ്പം രാജ്കുമാറിനെതിരെയുള്ള സാമ്പത്തിക തട്ടിപ്പും ക്രൈംബ്രാഞ്ച് സംഘം അന്വേഷിക്കുന്നുണ്ട്. ഇടുക്കി തൂക്കുപാലത്തെ വായ്പ തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്‍കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്‍കുമാറിന് മര്‍ദ്ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരണം ഉണ്ടായിരുന്നു.