ഒമാനില്‍ കറൻസി നിരോധനം; 1995 നവംബര്‍ ഒന്നിന് മുന്‍പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും അസാധുവാകും

single-img
30 June 2019

ഒമാനില്‍ 1995 നവംബര്‍ ഒന്നിന് മുന്‍പ് പുറത്തിറക്കിയ എല്ലാ നോട്ടുകളും പിന്‍വലിക്കാന്‍ തീരുമാനം. പഴയ നോട്ടുകള്‍ അടുത്തമാസം അവസാനത്തോടെ അസാധുവാകുമെന്ന് ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു. പഴയനോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് അവ മാറ്റിവാങ്ങാന്‍ ഏപ്രില്‍ ഒന്നു മുതല്‍ മൂന്ന് മാസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്.

ഈ കാലാവധി അവസാനിക്കുന്നതോടെ പഴയ നോട്ടുകളുടെ ഉപയോഗം നിയമവിരുദ്ധമായി കണക്കാക്കും. ഒമാനിലെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ഇത് ബാധകമായിരിക്കും എന്ന് അറിയിപ്പില്‍ പറയുന്നു. 1970ല്‍ മസ്‍കത്ത് കറന്‍സി അതോറിറ്റി പുറത്തിറക്കിയ 100 ബൈസ, കാല്‍ റിയാല്‍, അര റിയാല്‍, ഒരു റിയാല്‍, അഞ്ച് റിയാല്‍, പത്ത് റിയാല്‍ എന്നിവയും 1972ല്‍ ഒമാന്‍ കറന്‍സി ബോര്‍ഡ് പുറത്തിറക്കിയ വിവിധ കറന്‍സികളും പിന്നീട് 1995 നവംബര്‍ ഒന്നുവരെ ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് വിവിധ വര്‍ഷങ്ങളില്‍ പുറത്തിറക്കിയ മറ്റ് കറന്‍സികളും ഒരു മാസത്തെ സമയപരിധിക്ക് ശേഷം അസാധുവാകും.

ഇതോടൊപ്പം1995 നവംബര്‍ ഒന്നിന് പുറത്തിറക്കിയിട്ടുള്ള നോട്ടുകളും പിന്‍വലിക്കുന്നവയില്‍ ഉള്‍പ്പെടുന്നുണ്ട്. മുന്‍വശത്ത് തിളക്കമുള്ള ഹോളോഗ്രാഫിക് സെക്യൂരിറ്റി സ്ട്രിപ്പില്ലാത്ത 50, 20, 10, 5 റിയാലുകളുടെ നോട്ടുകളും പിന്‍വലിക്കുകയാണെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചിട്ടുണ്ട്. കൈവശമുള്ള പഴയ നോട്ടുകള്‍ മാറേണ്ടവര്‍ റൂവിയിലുള്ള ഒമാന്‍ സെന്‍ട്രല്‍ ബാങ്ക് ആസ്ഥാനത്ത് നിന്നോ അല്ലെങ്കില്‍ സലാലയിലോ സോഹാറിലോ ഉള്ള സെന്‍ട്രല്‍ ബാങ്ക് ശാഖകളില്‍ നിന്നോ മാറ്റി പുതിയ നോട്ടുകള്‍ കൈപ്പറ്റാനാകുമെന്നും അറിയിപ്പില്‍ പറയുന്നു.