കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് സംഘര്‍ഷം; കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണം; എംബസിയോട് കേരള സര്‍ക്കാര്‍

single-img
30 June 2019

കസാഖിസ്ഥാനിലെ എണ്ണപ്പാടത്ത് സംഘര്‍ഷം ഉണ്ടായതിനെ തുടര്‍ന്ന് കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള 150 ഓളം ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് എംബസിയോട് കേരള സര്‍ക്കാര്‍. അവിടെ നിന്നുള്ള വിവരങ്ങൾ അടിയന്തരമായി ലഭ്യമാക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇതിനായി നോർക്ക റൂട്ട്സ് ഇന്ത്യൻ എംബസിയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്.

ഇന്ത്യക്കാര്‍ക്കുള്ള ഹെല്‍പ്‍ലൈന്‍ നമ്പര്‍ തുറന്നിട്ടുണ്ട്. ഏതെങ്കിലും സഹായം ആവശ്യമുള്ളവര്‍ക്ക് 77012207601 എന്ന നമ്പറില്‍ വിളിക്കാം. തൊഴിലാളികളും തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് ടെങ്കീസ് എണ്ണപ്പാടത്ത് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കുടുങ്ങിയത്. ഇവിടെ ജോലിചെയ്യുന്ന ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം.

തദ്ദേശീയര്‍ എണ്ണപ്പാട തൊഴിലാളികളെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത് പരിഭ്രാന്തി സൃഷ്ടിക്കുകയാണ്. ആക്രമണത്തില്‍ ചിലര്‍ക്ക് പരിക്കേറ്റതായാണ് സൂചന. ഇവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരില്‍ 70 മലയാളികള്‍ ഉണ്ടെന്നാണ് കരുതുന്നത്. അടിയന്തിരമായി കസാഖിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറുമായി ബന്ധപ്പെട്ടതായും ഇന്ത്യക്കാർ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടൽ തുടരുകയാണെന്നും വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു.