ഇന്ന് ഇംഗ്ലണ്ടിനെതിരെ ഇന്ത്യ ജയിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിച്ച് പാക്കിസ്ഥാന്‍ ടീം

single-img
30 June 2019


ലോകകപ്പില്‍ സെമി ഉറപ്പിക്കാന്‍ ടീം ഇന്ത്യ ഇന്നിറങ്ങും. എഡ്ജ്ബാസ്റ്റണില്‍ മൂന്ന് മണിക്ക് ആരംഭിക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ആണ് എതിരാളികള്‍. ഇന്ന് വിജയിച്ചാല്‍ ഇന്ത്യക്ക് സെമി ഉറപ്പിക്കാം.

ചരിത്രത്തില്‍ ആദ്യമായി എവേ ജഴ്‌സിയില്‍ കളിക്കാനിറങ്ങുന്നു എന്ന പ്രേത്യകതകൂടി മത്സരത്തിനുണ്ട്. ഒരു മത്സരംകൂടി ജയിച്ചാല്‍ സെമി ഉറപ്പിക്കാന്‍ സാധിക്കുന്ന ഇന്ത്യയും ഒരു തോല്‍വിപോലും പുറത്തേക്കുള്ള വാതില്‍ തുറക്കുന്ന ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടത്തില്‍ ഇന്ത്യയുടെ ജയം ഇന്ത്യയെക്കാള്‍ ആഗ്രഹിക്കുന്ന ടീം ചിരവൈരികളായ പാകിസ്താനാണ്.

ഇംഗ്ലണ്ട് തോറ്റാല്‍ മാത്രമേ പാകിസ്താന് സെമി പ്രതീക്ഷ വെച്ചുപുലര്‍ത്താനൊക്കൂ. സമീപകാല ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ടീമുമായി വന്ന ഇംഗ്ലീഷുകാര്‍ ഏഴു മത്സരങ്ങളില്‍നിന്ന് എട്ടു പോയന്റുമായി സെമിയിലെത്താന്‍ പെടാപ്പാടുപെടുകയാണിപ്പോള്‍. ഇന്ന് ഇന്ത്യക്കെതിരെയും ബുധനാഴ്ച ന്യൂസിലന്‍ഡിനെതിരെയും ജയം അനിവാര്യമാണ്.

അതേസമയം, ലോകകപ്പില്‍ തോല്‍വിയറിയാതെ മുന്നേറുന്ന ഏക ടീമായ ഇന്ത്യ മധ്യനിരയിലെ വിള്ളലോര്‍ത്ത് തലപുകയ്ക്കുകയാണ്. നായകന്‍ കോലി പരസ്യപിന്തുണ നല്‍കിയ വിജയ് ശങ്കറിന് ഒരവസരം കൂടി ഒരുക്കിയേക്കുമെന്നുറപ്പാണ്. കഴിഞ്ഞ രണ്ടു കളികളിലും മിന്നിയ മുഹമ്മദ് ഷമി തുടരാനാണ് സാധ്യത.

ഇവിടെ ഇതിന് മുന്‍പ് നടന്ന ന്യൂസീലന്‍ഡ്-പാകിസ്ഥാന്‍ മത്സരം സ്പിന്നര്‍മാരാണ് നിയന്ത്രിച്ചത്. എന്നാല്‍ ഇന്ന് പുതിയ പിച്ചിലാണ് കളി. ഈ ലോകകപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് വിക്കറ്റെന്നാണ് പൊതുവിലയിരുത്തല്‍. ലോകകപ്പില്‍ എട്ടാം തവണയാണ് ഇരുടീമുകളും നേര്‍ക്കുനേര്‍ വരുന്നത്. 1992ന് ശേഷം ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യയെ തോല്‍പ്പിച്ചിട്ടില്ലെന്നതാണ് ചരിത്രം.