കര്‍ണാടകയിലെ 'ഓപ്പറേഷന്‍ താമര' നിർത്തിവെക്കാൻ ബിജെപി കേന്ദ്ര നിർദ്ദേശം • ഇ വാർത്ത | evartha
Latest News, National

കര്‍ണാടകയിലെ ‘ഓപ്പറേഷന്‍ താമര’ നിർത്തിവെക്കാൻ ബിജെപി കേന്ദ്ര നിർദ്ദേശം

കര്‍ണാടകയില്‍ ഭരണത്തിലിരിക്കുന്ന ജെ ഡി എസ് – കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെ ഇറക്കാനുള്ള ശ്രമങ്ങള്‍ ( ഓപ്പറേഷന്‍ താമര) ബിജെപി താത്കാലികമായി നിര്‍ത്തിവയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. അടുതുതന്നെ മൂന്ന് സംസ്ഥാനങ്ങളിലേക്ക് നടക്കാനുള്ള നിയമസഭാ തെരഞ്ഞെടുപ്പ് കഴിയും വരെ കര്‍ണാടക സര്‍ക്കാരിനെ താഴെ ഇറക്കാന്‍ ശ്രമിക്കേണ്ടതില്ലെന്ന് കേന്ദ്ര നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കി. ഇത് സംബന്ധിച്ച് പ്രമുഖ ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

അടുത്ത് തന്നെ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നത്. കര്‍ണാടകയിലെ സര്‍ക്കാരിനെ മറിച്ചിടാനുള്ള നീക്കങ്ങള്‍ ഇപ്പോള്‍ സജീവമാക്കിയാല്‍ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ അത് ചര്‍ച്ചയാകുമെന്ന വിലയിരുത്തലിലാണ് കേന്ദ്ര നേതൃത്വം. മഹാരാഷ്ടയില്‍ ഉള്‍പ്പെടെ ഭരണതുടര്‍ച്ച ലക്ഷ്യമിടുന്ന ബിജെപി വളരെ കരുതലോടെയാണ് തെരഞ്ഞെടുപ്പിനെ കാണുന്നതെന്നാണ് പുതിയ നിര്‍ദ്ദേശം വ്യക്തമാക്കുന്നത്.

കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പിന് ശേഷം കര്‍ണാടകയില്‍ ബിജെപി ഓപ്പറേഷന്‍ താമര സജീവമാക്കിയിരുന്നു. അതിനിടയില്‍ ഭരണമുന്നണിയായ കോണ്‍ഗ്രസ്-ജെഡിഎസ് അസ്വാരസ്യങ്ങളും പുറത്തുവന്നതോടെ സര്‍ക്കാരിന്‍റെ സ്ഥിരതയ്ക്ക് ഭീഷണി ഉയര്‍ന്നിരുന്നു. കര്‍ണാടക പിസിസി പിരിച്ചുവിട്ടാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് വിഷയം കൈകാര്യം ചെയ്തത്.