ഇന്ത്യയെ ആരാണോ തോല്‍പ്പിക്കുന്നത് അവര്‍ക്കുള്ളതാണ്‌ ലോകകപ്പ്: മൈക്കിള്‍ വോന്‍

single-img
29 June 2019

അഞ്ച് തുടര്‍ ജയങ്ങളുമായി ലോകകപ്പില്‍ ഇന്ത്യ തോല്‍വിയറിയാതെ കുതിക്കുകയാണ്. കളിച്ച ആറു മത്സരങ്ങളില്‍ അഞ്ചെണ്ണവും ഇന്ത്യ ജയിച്ചപ്പോള്‍ ഒരു മത്സരം മഴമൂലം തടസപ്പെടുകയായിരുന്നു. നിലവില്‍ 11 പോയന്റുള്ള ഇന്ത്യയ്ക്ക് ഒരു മത്സരം കൂടി ജയിച്ചാല്‍ സെമി ഉറപ്പിക്കാം. ഈ സാഹചര്യത്തില്‍ ഇന്ത്യയുടെ തുടര്‍വിജയങ്ങളെ കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കിള്‍ വോന്‍.

ടൂര്‍ണമെന്റില്‍ ഇന്ത്യയെ ആരാണോ തോല്‍പ്പിക്കുന്നത് അവര്‍ക്കായിരിക്കും ഈ ലോകകപ്പെന്ന് വോന്‍ പ്രവചിക്കുന്നു. കഴിഞ്ഞ ദിവസം ഇന്ത്യ വെസ്റ്റിന്‍ഡീസിനെ 125 റണ്‍സിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് വോന്‍ ഇത്തരമൊരു അഭിപ്രായം പ്രകടിപ്പിച്ചത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ഏറ്റ പരിക്കുമൂലം നാട്ടിലേക്ക് മടങ്ങേണ്ടിവന്ന ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ വിജയത്തില്‍ വിരാട് കോലിയെ അഭിനന്ദിക്കുകയുണ്ടായി. മുന്നോട്ടും ഈ രീതിയില്‍ വിജയം തുടരട്ടെയെന്നാണ് ധവാന്റെ ആശംസകള്‍. അതിന് പുറമേ വിരേന്ദര്‍ സെവാഗ്, സുരേഷ് റെയ്‌ന, മുഹമ്മദ് കൈഫ് എന്നിവരും ഇന്ത്യയെ അഭിനന്ദിച്ചിട്ടുണ്ട്.