പീരുമേട് സബ്‍ജയിലില്‍ റിമാന്‍ഡിലിരിക്കെ മരിച്ച പ്രതി രാജ്‍കുമാര്‍ കുഴപ്പക്കാരന്‍ തന്നെ; നിലപാട് ആവര്‍ത്തിച്ച് മന്ത്രി എം എം മണി

single-img
29 June 2019

റിമാന്‍ഡിലായിരിക്കെ പീരുമേട് സബ്‍ജയിലില്‍ മരിച്ച പ്രതി രാജ്‍കുമാര്‍ കുഴപ്പക്കാരന്‍ തന്നെയെന്ന തന്റെ നിലപാട് ആവര്‍ത്തിച്ച് മന്ത്രി എം എം മണി. രാജ്‍കുമാറിന്‍റെ മരണവുമായിബന്ധപ്പെട്ട കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കും. അതേപോലെ പ്രതി രാജ്‍കുമാറിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുന്നതിന് മുൻപ് മർദ്ദനം ഏറ്റിട്ടുണ്ടോ എന്ന് പരിശോധിക്കണം.

ഇന്ന് രാവിലെ പോലീസിനെതിരെ താൻ നടത്തിയ പരാമർശം മാധ്യമങ്ങൾ വളച്ചൊടിച്ചു. പോലീസുകാര്‍ തെറ്റ് ചെയ്താൽ വിവാദം ഉണ്ടാകും എന്നാണ് താന്‍ പറഞ്ഞതെന്ന് എം എം മണി പറഞ്ഞു. തട്ടിപ്പ് നടത്തിയവര്‍ എല്ലാം രാജ്കുമാറിനെ മർദ്ദിച്ചെന്നും മരണത്തിൽ പരാതി പറയുന്നവരാണ് തട്ടിപ്പിന് പിന്നിലെന്നും എം എം മണി പത്തനംതിട്ടയില്‍ പറഞ്ഞിരുന്നു.

പോലീസ് ചെയ്യുന്നതിന് സര്‍ക്കാര്‍ മറുപടി പറയേണ്ടിവരുന്നു. സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേരുണ്ടാക്കാന്‍ പോലീസ് അവസരം ഉണ്ടാക്കി. പണ്ടത്തെ പോലീസിനെ പോലെ പ്രവർത്തിച്ചാൽ അതോടെ പോലീസ് വഷളാകും. നേരെ പ്രവര്‍ത്തിക്കുക എന്നത് പോലീസിന്‍റെ ബാധ്യതയാണ്.മന്ത്രി എംഎം മണി പറഞ്ഞു.