ബാക്കി പത്തൊന്‍പതുപേരും തോറ്റല്ലോ എന്നോര്‍ത്തപ്പോഴാണ് ആശ്വാസമായത്; ആരിഫും കൂടി തോറ്റാല്‍ നന്നായേനെ എന്ന് ചിന്തിച്ചു: ഇന്നസെന്റ്

single-img
29 June 2019

ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റ പരാജയം രസകരമായി പങ്കുവെച്ച് നടന്‍ ഇന്നസെന്റ്. തെരഞ്ഞെടുപ്പില്‍ തോറ്റു കഴിഞ്ഞപ്പോള്‍ ഒരാളും എന്നെ വിളിക്കാറില്ലെന്ന് ഇന്നസെന്റ് പറഞ്ഞു. ബാക്കി പത്തൊന്‍പതുപേരും തോറ്റല്ലോ എന്നോര്‍ത്തപ്പോഴാണ് ആശ്വാസമായത്. ആ സമയത്ത് ആരിഫും കൂടി തോറ്റാല്‍ നന്നായെന്നാണ് ചിന്തിച്ചതെന്നും തമാശരൂപേണ ഇന്നസെന്റ് പറഞ്ഞു.

‘അന്ന് എന്റെ വീട്ടില്‍ തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് കണ്ടുകൊണ്ടിരിക്കുകയാണ്. കൂടെ ചെയര്‍മാന്‍ ഉണ്ട്, എന്റെ ഭാര്യയും മക്കളുമുണ്ട്. ഫലം വന്നുകൊണ്ടിരിക്കുമ്പോള്‍ എല്ലാവരും വിചാരിച്ചു ഇപ്പോ ജയിക്കുമെന്ന്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ എതിര്‍സ്ഥാനാര്‍ത്ഥി എന്റെ മുകളിലായി. ആ സമയം എനിക്ക് ചെറിയൊരു വിഷമം വന്നു. ഇതുകണ്ടപ്പോള്‍ ചെയര്‍മാന്‍ എന്നോടുപറഞ്ഞു, ‘പേടിക്കണ്ട, കയ്പമംഗലം എണ്ണിയിട്ടില്ല എന്ന്. എന്നാല്‍ കയ്പമംഗലവും എണ്ണിയപ്പോള്‍ ഒന്നു കൂടി ഞാന്‍ താഴേക്ക് വന്നു.

അപ്പോഴാണ്‌ എന്റെ കാര്യം മാത്രമാണോ ഇങ്ങനെയെന്നറിയാന്‍ മറ്റുള്ള ആളുകളുടെ സ്ഥലം കൂടി നോക്കിയത്. അപ്പോഴാണ് ശരിക്കും മനസമാധാനമായത്. തൃശൂര്‍ മണ്ഡലം മുതല്‍ എല്ലാ സ്ഥലങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ താഴെ. ഈ തോന്നല്‍ മനുഷ്യന്റെ പൊതു സ്വഭാവമാണ്. തോല്‍ക്കാന്‍പോകുന്നല്ലോ എന്നൊരു വിഷമം എന്നിലുണ്ടായിരുന്നു. പക്ഷെ കുറച്ച് കഴിഞ്ഞപ്പോള്‍ അത് പതിയെ പതിയെ മാറി, കാരണം പത്തൊമ്പതുപേരും തോല്‍ക്കാന്‍ പോകുന്നു.

അങ്ങനെ ആകെയുള്ള ഇരുപത് സീറ്റില്‍ പത്തൊന്‍പത് എണ്ണവും പോയി. പിന്നെ ബാക്കി ഒരു സീറ്റ് ആണ് ഉള്ളത്. അവിടെ സ്ഥാനാര്‍ത്ഥി പതുക്കെ കയറി കയറി വരുന്നുണ്ട്. പാര്‍ട്ടി എന്ത് വേണമെങ്കിലും പറഞ്ഞോട്ടെ. അവനും കൂടി തോല്‍ക്കുകയാണെങ്കില്‍ എന്നാണ് ഞാന്‍ ആ സമയത്ത് വിചാരിച്ചത്. മനുഷ്യന്റെ പൊതുവായ സ്വഭാവത്തെക്കുറിച്ചാണ് താന്‍ പറഞ്ഞുവരുന്നതെന്ന് ഇന്നസെന്റ് പറഞ്ഞു.