സ്ഥാപനത്തിന് രണ്ട് വർഷമായി കെഎസ്ഇബി കണക്ഷൻ നൽകിയില്ല; തോക്കും വിഷവുമായി മരത്തിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവ വ്യവസായി

single-img
29 June 2019

സ്ഥാപനത്തിന് രണ്ട് വർഷമായി കെഎസ്ഇബി കണക്ഷൻ നൽകിയില്ലെന്ന് ആരോപിച്ച് മരത്തിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവ വ്യവസായി. ന്യൂ ഇയർ ചിട്ടി കമ്പനി ഉടമയായ എംഎം പ്രസാദാണ് അത്മഹത്യാ ഭീഷണി മുഴക്കിയത്. കലക്ടർ വന്ന ശേഷമോ അല്ലെങ്കിൽ സ്ഥാപനത്തിന് വൈദ്യുതി നൽകുമെന്ന ഉറപ്പോ ഇല്ലാതെ താഴെയിറങ്ങില്ലെന്ന കടുത്ത നിലപാടിലാണ് യുവാവ്.  

യുവാവിനെ ഏതെങ്കിലും വിധത്തിൽ താഴെയിറക്കാനുള്ള ശ്രമത്തിലാണ് പൊലീസ് അധികൃതർ. സംഭവ സ്ഥലത്ത് ഫയർഫോഴ്സും എത്തിയിട്ടുണ്ട്. ലൈസൻസുള്ള തോക്കും വിഷവും ഇയാൾ കൈയിൽ കരുതിയിട്ടുണ്ട്. കലക്ടർ, കെഎസ്ഇബി ഉദ്യോ​ഗസ്ഥർ എന്നിവരെ സ്ഥലത്തെത്തിക്കാനും ആലോചനകളുണ്ട്.

രണ്ട് വർഷം മുൻപാണ് ഇദ്ദേഹം വിദേശ രാജ്യങ്ങളിലേക്ക് തേയില കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങിയത്. കോടികൾ മുടക്കിയാണ് സ്ഥാപനം തുടങ്ങിയതെന്ന് പ്രസാദ് വ്യക്തമാക്കി. എന്നാൽ സ്ഥാപനത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് യുവാവ് പറയുന്നു. സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെഎസ്ഇബി കണക്ഷൻ നൽകാതിരുന്നത്. കോടികൾ മുടക്കി തുടങ്ങിയ സ്ഥാപനം മുന്നോട്ട് കൊണ്ടു പോകാൻ സാധിക്കാത്തതിൽ യുവാവിന് മാനസിക വിഷമം ഉണ്ടായിരുന്നതായി സുഹൃത്തുക്കൾ പറയുന്നു.