രോഹിത്തിനെ പുറത്താക്കിയത് മൂന്നാം അമ്പയറുടെ പിഴവോ?

single-img
28 June 2019

രോഹിത് ശര്‍മ്മയെ പുറത്താക്കിയ മൂന്നാം അമ്പയറുടെ തീരുമാനം വിവാദമാകുന്നു. വിന്‍ഡീസിനെതിരായ മത്സരത്തില്‍ ഡി.ആര്‍.എസ് വഴിയാണ് മൂന്നാം അമ്പയര്‍, രോഹിത് ശര്‍മ്മ ഔട്ടാണെന്ന് വിധിച്ചത്. പാഡില്‍ തട്ടി പോയ പന്തിലാണ് കാര്യമായ പരിശോധനക്ക് പോലും മുതിരാതെ അമ്പയര്‍ ഔട്ട് വിളിച്ചതെന്നാണ് ആരോപണം.

കെമാര്‍ റോച്ച് എറിഞ്ഞ ആറാം ഓവറിന്റെ അവസാന പന്തിലാണ് സംഭവം. ഓഫ് സ്റ്റംപിനു പുറത്തു പിച്ച് ചെയ്ത് അകത്തേക്കു സ്വിങ് ചെയ്ത പന്ത് രോഹിതിന്റെ ബാറ്റിനും പാഡിനുമിടയിലൂടെ വിന്‍ഡീസ് കീപ്പര്‍ ഷായ് ഹോപ്പിന്റെ കൈകളിലെത്തി. പന്തില്‍ ഗതിമാറ്റം ഉണ്ടെന്ന വിശ്വാസത്തില്‍ വിന്‍ഡീസ് താരങ്ങള്‍ അപ്പീല്‍ ചെയ്തു. എന്നാല്‍ പന്തു തട്ടിയത് പാഡില്‍ ആണെന്ന ധാരണയില്‍ ആകാം, രോഹിത് നോട്ടൗട്ട് ആണെന്നു ഫീല്‍ഡ് അംപയര്‍ റിച്ചഡ് ഇല്ലിങ്‌വര്‍ത് വിധിച്ചു.

വിന്‍ഡീസ് റിവ്യൂവിനു പോയി. ഡിആര്‍എസ് പരിശോധനയില്‍ പന്ത് പാഡില്‍ തട്ടിയാണ് കീപ്പറുടെ കൈകളിലെത്തിയതെന്നു തോന്നിക്കുന്ന ദൃശ്യങ്ങള്‍ ബിഗ് സ്‌ക്രീനില്‍ തെളിഞ്ഞപ്പോള്‍ ഇന്ത്യന്‍ ആരാധകരുടെ ആരവം മുഴങ്ങി. പന്ത് ബാറ്റിനും പാഡിനും ഇടലിലൂടെ കടന്നുപോയപ്പോഴാണു സ്‌നിക്കോ മീറ്ററില്‍ (പന്തിന്റെ ഗതിമാറ്റം നിര്‍ണയിക്കുന്ന സാങ്കേതികവിദ്യ) പന്തിനു ഗതിമാറ്റം സംഭവിച്ചതായി കാണുന്നത്.

ബാറ്റിലാണോ പാഡില്‍ ആണോ പന്ത് തട്ടിയതെന്നു കൃത്യമായി പറയാനാകാത്ത അവസ്ഥ. ഈ അവസ്ഥയില്‍ മൂന്നാം അപയര്‍ മൈക്കല്‍ ഗഫ് വിധിച്ചത് ഔട്ട്!. ഇതോടെയാണ് സോഷ്യല്‍മീഡിയയില്‍ രോഹിത്തിനെ പുറത്താക്കിയ മൂന്നാം അമ്പയര്‍ക്കെതിരെ രോഷം ഉയര്‍ന്നിരിക്കുന്നത്.